യുഎഇയിൽ 30 ദിവസത്തിലധികം വാടക നൽകിയില്ലെങ്കിൽ താമസ സ്ഥലം ഒഴിപ്പിക്കാൻ കെട്ടിട ഉടമയ്ക്ക് അധികാരം

30 ദിവസത്തിലധികം വാടക നൽകിയില്ലെങ്കിൽ താമസ സ്ഥലം ഒഴിപ്പിക്കാൻ െകട്ടിട ഉടമയ്ക്ക് അധികാരം. വാടക കെട്ടിടത്തിന്റെ സമ്പൂർണ അധികാരി കെട്ടിട ഉടമയായിരിക്കുമെന്ന് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് നിയമാവലി പറയുന്നു. വാടക പൂർണമായോ ഭാഗികമായോ നൽകുന്നതിലെ വീഴ്ചയ്ക്ക് കുടിയിറക്കാം. എന്നാൽ, വാടക നൽകുന്നതിൽ സാവകാശം അനുവദിച്ച് കെട്ടിട ഉടമയും വാടക്കാരനും തമ്മിൽ പ്രത്യേക കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഈ നിയമം ബാധകമല്ല. കെട്ടിട ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ താമസ സ്ഥലം മുഴുവനായോ ഒരു ഭാഗമോ മറ്റാർക്കെങ്കിലും വാടകയ്ക്കു നൽകരുത്. ഇതു വാടക കരാർ റദ്ദാക്കാൻ കാരണമാകും. നിയമ വിരുദ്ധ പ്രവൃത്തിക്ക് ഫ്ളാറ്റോ വില്ലകളോ നൽകിയാലും കെട്ടിട ഉടമയ്ക്ക് ഒഴിപ്പിക്കാൻ നിയമം അധികാരം നൽകിയിട്ടുണ്ട്. വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്ക് എടുത്ത കെട്ടിടം അകാരണമായി 30 ദിവസം തുടർച്ചയായി പ്രയോജനപ്പെടുത്താതിരുന്നാലും ഒഴിപ്പിക്കാം. ഒരു വർഷത്തിൽ പലപ്പോഴായി 90 ദിവസം കെട്ടിടം ഉപയോഗിക്കാതിരുന്നാലും ഈ നിയമം ബാധകം. വാടകയ്ക്ക് നൽകിയ വസ്തുവകകളിൽ അതിന്റെ സുരക്ഷയെ ബാധിക്കുന്ന വിധം മാറ്റം വരുത്താൻ പാടില്ല. എമിറേറ്റിലെ കെട്ടിട, ഭൂനിയമത്തിനു വിരുദ്ധമായി താമസയിടം ഉപയോഗിക്കരുത്. ഇത്തരം സാഹചര്യങ്ങളിലും കെട്ടിട ഉടമയ്ക്ക് അധികാരം ഉപയോഗിക്കാം.
കാലപ്പഴക്കം മൂലമോ മറ്റേതെങ്കിലും കാരണത്താലോ കെട്ടിടം തകരാനുള്ള സാധ്യതയുണ്ടെങ്കിൽ വാടക്കാരെ ഒഴിപ്പിക്കാം. ഇതിനു ദുബായ് നഗരസഭയോ ബന്ധപ്പെട്ട സാങ്കേതിക വിഭാഗമോ പരിശോധിച്ച് സുരക്ഷാ ഭീഷണി കണ്ടെത്തണം. വാടക വ്യവസ്ഥകൾ താമസക്കാരൻ പാലിക്കാതിരുന്നാലും കെട്ടിട കരാർ റദ്ദാക്കാം. ഇതിനായി 30 ദിവസത്തെ സമയപരിധി കെട്ടിട ഉടമ നൽകും. ഈ കാലാവധി കഴിഞ്ഞിട്ടും നിയമം ലംഘിക്കുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങാം. എമിറേറ്റിലെ നഗര വികസനത്തിന്റെയും പൊതു പുരോഗതിയുടെയും ഭാഗമായി കെട്ടിടം പൊളിക്കുകയോ പുനർനിർമിക്കുകയോ വേണ്ടി വന്നാൽ താമസക്കാരെ ഒഴിപ്പിക്കാം. കെട്ടിട ഉമസ്ഥനു തന്റെ സ്വകാര്യ ആവശ്യങ്ങൾക്കോ തന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ആരുടെയെങ്കിലും ഉപയോഗത്തിനോ വേണ്ടി താമസയിടം ആവശ്യമായാലും നോട്ടീസ് നൽകി നിലവിലുള്ള താമസക്കാരെ ഒഴിപ്പിപ്പിക്കാനാകുമെന്നു കെട്ടിട വാടക നിയമം വ്യക്തമാക്കുന്നു.
stst