ആൽ മക്തും അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാക്കാൻ ഒരുങ്ങി ദുബൈ

വ്യോമയാന രംഗത്തെ ഭാവിവികസനം മുൻനിർത്തി ലോകത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് രൂപം നൽകാൻ ഒരുങ്ങി ദുബൈ. 2050ൽ വിസ്തൃതിയിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയിൽ ഒരുങ്ങും. നഗരവികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കം. ദുബൈ സൗത്തിലാണ് ഏറ്റവും വലിയ വിമാനത്താവളം സജ്ജമാവുക. ഫ്രീസോണുകളും പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടെ ഭാവി വികസന പദ്ധതികളിൽ ഇതും ഉൾപ്പെടുമെന്ന് ദുബൈ സൗത്ത് അധികൃതർ ട്വിറ്ററിൽ വെളിപ്പെടുത്തി. നിലവിലെ ആൽ മക്തും അന്താരാഷ്ട്ര വിമാനത്താവളമാണ് 2050ൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന കീർത്തി സ്വന്തമാക്കുക.
ദുബൈ വേൾഡ് സെൻട്രൽ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിമാനത്താവള വികസനത്തിന് 120 ബിൽയൻ ദിർഹമാണ് കണക്കാക്കുന്നത്. വിവിധ ഘട്ടങ്ങളിലായാകും വികസനം നടപ്പാക്കുക.
2010ൽ കാർഗോ വിമാനത്താവളം എന്ന നിലക്കാണ് ഇതിന്‍റെ തുടക്കം. 2013ഓടെ യാതാവിമാനങ്ങൾക്കും തുടക്കം കുറിച്ചു. അഞ്ച് മുതൽ ഏഴ് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ നിലവിൽ വിമാനത്താവളത്തിനു സാധിക്കും. വൻതോതിൽ ചരക്കുകൈമാറ്റത്തിനുള്ള സൗകര്യവും ഇവിടെയുണ്ട്. 145 സ്ക്വയർ കിലോമീറ്റർ ദൈർഘ്യത്തിലാണ് ദുബൈ സൗത്ത്സ്ഥിതി ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമയാന സൗകര്യങ്ങളാകും ഭാവി നഗര വികസന പദ്ധതിയുടെ ഭാഗമായി ഇവിടെ തയാറാക്കുക. വിമാനത്താവളം മാത്രമല്ല, കടലും കരയും ഉൾപ്പെടുത്തിയുള്ള സംയോജിത ഗതാഗത ശംൃഖലയും ദുബൈ സൗത്ത് വികസന പദ്ധതിയിൽ ഉൾപ്പെടും. വികസനം പൂർത്തിയാകുന്നതോടെ പ്രതിവർഷം 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ വിമാനത്താവളത്തിനാകും.
uffi