സൗദി പ്രവാസികൾക്ക് കൂടുതൽ ബന്ധുക്കളെ സന്ദർശന വിസയിൽ കൊണ്ടുവരാൻ അവസരം

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശന വിസയിൽ കൊണ്ടുവരാൻ അവസരം. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യ മന്ത്രാലയം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിരെ മാത്രമാണ് കൊണ്ടുവരാൻ ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ ഏതാനും ബന്ധുക്കളെ കൊണ്ടുവരാനുള്ള അനുമതിയായിരുന്നു. ഇപ്പോൾ പട്ടിക വിപുലപ്പെടുത്തിയിരിക്കുകയാണ്. മാതൃസഹോദരന്‍, മാതൃസഹോദരി, പിതൃസഹോദരൻ, പിതൃസഹോദരി, പിതാമഹൻ, മുത്തശ്ശി, പേരമക്കൾ, സഹോദരരുടെ മക്കൾ എന്നിവരെ കൂടിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ വിദേശികളുടെ ഏതാണ്ടെല്ലാ ബന്ധുക്കൾക്കും കുടുംബ വിസയിൽ സൗദി സന്ദർശിക്കാൻ അവസരം ലഭിക്കും. അതിന് പുറമെ മറ്റുള്ളവർ എന്ന കോളം കൂടിയുണ്ട്. മുകളിൽപറഞ്ഞ പട്ടികയിൽ ഇല്ലാത്ത ബന്ധുക്കളെ കൂടി ചേർക്കാനാണിത്. ഒരു മാസം മുമ്പ് വരെ മാതൃ, പിതൃസഹോദരി സഹോദരന്മാർക്ക് വേണ്ടി നൽകിയിരുന്ന വിസ അപേക്ഷ തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്കും വിസ ലഭിക്കുന്നുണ്ട്. അപേക്ഷകന് അവരുമായുള്ള ബന്ധം വിസ സ്റ്റാമ്പിങ് നടപടിക്കിടെ സൗദി കോണ്‍സുലേറ്റിനെ ബോധ്യപ്പെടുത്തേണ്ടിവരും. അതിനുള്ള രേഖകൾ ഹാജരാക്കണം.
55e56e