ബഹിരാകാശം, ഐടി സാധ്യതകൾ പങ്കിടാൻ ഇന്ത്യ സന്നദ്ധമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല

ബഹിരാകാശം, ഐടി എന്നീ മേഖലകളിലെ സാധ്യതകൾ പങ്കു വയ്ക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല. യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിലിനെ (എഫ്എൻസി) അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ മത തീവ്രവാദവും ഭീകരവാദവും ഉയർത്തുന്ന വെല്ലുവിളികൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണത്തിന് പുതിയ മുഖം നൽകിയിട്ടുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു. യുഎഇക്കു അടുത്ത കാലത്ത് നടന്ന അക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. പൗരന്മാരും നേതാക്കന്മാരും ഇരു രാജ്യങ്ങളിലേക്കും സന്ദർശനം നടത്തുന്നതു സാംസ്കാരിക ബന്ധവും സഹകരണവും വർധിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. ആഗോള സുരക്ഷ, സുസ്ഥിര വികസനം എന്നിവയ്ക്ക് വേണ്ടി രാഷ്ട്രങ്ങൾ ഒത്തുചേർന്ന് ഭീകരവാദത്തെ ചെറുക്കണമെന്നും പൗരന്മാരുടെ ഉന്നമനത്തിനായി ഇപ്പോഴത്തെ അവസരങ്ങൾ പരസ്പരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യം ശക്തിപ്പെടുത്താനും വനിതാ പ്രാതിനിധ്യം വർധിപ്പിക്കാനും യുഎഇ നടത്തുന്ന ശ്രമങ്ങളെയും അഭിനന്ദിച്ചു. ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, മനുഷ്യവിഭവശേഷി, നഗരവൽക്കരണം എന്നീ മേഖലകളിൽ ഇന്ത്യയിലെ അവസരങ്ങൾ യുഎഇ കമ്പനികൾക്ക് പ്രയോജനപ്പെടുത്താൻ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.