നായയുടെ ശരീരത്തിൽ എട്ട് എയര്‍ ഗണ്‍ പെല്ലറ്റുകൾ ; സംരക്ഷണം നൽകി ദുബായ് കിരീടാവകാശി


ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനും കൂടെനില്‍ക്കാനും മുന്നിട്ടിറങ്ങുന്ന ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരജീവി സ്‌നേഹവും ലോകപ്രശസ്തമാണ്. അത്തരമൊരു ജീവകാരുണ്യ മാതൃകയുടെ ദൃശ്യങ്ങളാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ഷാര്‍ജയിലെ തെരുവില്‍ സാമൂഹികവിരുദ്ധരുടെ എയര്‍ഗണ്ണില്‍ നിന്ന് ഒന്നിലധികം തവണ വെടിയേറ്റ് മാരകമായി പരിക്കേറ്റ നായ ഗ്രേസിന് വിദഗ്ധ ചികിത്സയൊരുക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് ദുബൈ എക്‌സിക്ക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍. നിരവധി തവണ വെടിയേറ്റ് സാരമായ പരിക്കുകളോടെ ദുരിതമനുഭവിക്കുന്ന ഗ്രേസിന്റെ ദയനീയ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം നായയുടെ സംരക്ഷണം ഷെയ്ഖ് ഹംദാന്റെ ഉദ്യോഗസ്ഥവൃന്ദം ഏറ്റെടുക്കുകയായിരുന്നു.

പത്തു ദിവസമായി നായയുടെ സംരക്ഷണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയാണവര്‍. നായയുടെ ശരീരത്തിനകത്ത് എട്ട് എയര്‍ ഗണ്‍ പെല്ലറ്റുകളാണുണ്ടായിരുന്നത്. തലയോട്ടിയിലും കണ്ണിന്റെ വശങ്ങളിലുമാണ് കാര്യമായ പരുക്കേറ്റിരുന്നത്. ശനിയാഴ്ച വൈകുന്നേരം 13.7 മില്യണ്‍ വരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമായി ഷെയ്ഖ് ഹംദാന്‍ ഗ്രേസ് ദ്രുതഗതിയില്‍ സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ദൃശ്യങ്ങള്‍സഹിതം പങ്കിട്ടതോടെയാണ് ഗ്രേസിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും വീണ്ടും പ്രചരിച്ചത്.

കിരീടാവകാശിയെ കണ്ടയുടനെ വാലാട്ടി സന്തോഷം പ്രകടിപ്പിക്കുന്ന ഗ്രേസിനെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നതും ഹംദാന്‍ നായയോട് കുശലാന്വേശണം നടത്തുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. 'ഹലോ ഗ്രേസ്, താങ്കള്‍ സന്തോഷവാനാണല്ലോ, ഇപ്പോള്‍ നിങ്ങള്‍ സുരക്ഷിതമായ കരങ്ങളിലാണുള്ളത്. നിങ്ങള്‍ക്കിവിടെ കൂടുതല്‍ സന്തോഷം ഞാന്‍ ഉറപ്പുനല്‍കുന്നു' എന്നിങ്ങനെ പോകുന്നതാണ് ഹംദാന്റെ ഗ്രേസിനോടുള്ള കുശലം പറച്ചില്‍. ജനുവരി 28 ന് രാത്രിയോടെ തന്റെ വീടിന് സമീപത്തുനിന്ന് നായയുടെ കരച്ചില്‍ കേട്ട ഒരു സ്ത്രീയാണ് ഗ്രേസിന് വെടിയേറ്റ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. രണ്ട് വ്യക്തികള്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് ഗ്രേസിനെ വെടിവയ്ക്കുന്നത് കണ്ടതായി അവര്‍ പറഞ്ഞു. 12 മണിയോടെ ആദ്യ വെടിയുതിര്‍ത്ത അവര്‍ പുലര്‍ച്ചെ 2 മണിയോടെ മടങ്ങിയെത്തി വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.

You might also like

Most Viewed