യുഎഇയിൽ നാളെ പ്രാർത്ഥനാ ദിനമായി ആചരിക്കും

അബുദാബി: അഗോള വിപത്തായ കോവിഡിനെതിരെ മേയ് 14 നാളെ പ്രാർഥനാ ദിനമായി ആചരിക്കാൻ യുഎഇ മാനവ സാഹോദര്യ ഉന്നതാധികാര സമിതി താരുമാനിച്ചു. ഇതിന് ഐക്യദാർഢ്യവുമായി ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ജൂത വിഭാഗങ്ങളും രംഗത്തെത്തി. പ്രാർത്ഥനാ യജ്ഞത്തിന് ആഗോള കത്തോലിക്കാ സഭാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെയും ഈജിപ്തിലെ അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തായെബിന്റെയും പിന്തുണയുമുണ്ട്.
ഉപവാസമായും പ്രാർത്ഥനയായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ചുമാണ് വിവിധ മതവിഭാഗങ്ങൾ അവരുടെ വിശ്വാസം അനുസരിച്ച് പ്രാർത്ഥനാ ദിനം ആചരിക്കുക. കോവിഡ് പ്രതിസന്ധി അതിജീവിച്ച് ലോകത്ത് ആരോഗ്യസുരക്ഷയും സ്ഥിരതയും മാനവ സാഹോദര്യവും വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ഹ്യൂമൻ ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അബ്ദുൽ സലാം പറഞ്ഞു. അപകടകരമായ വൈറസിനെ ലോകത്തുനിന്നു തുരത്താനായി മരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർക്കുവേണ്ട സഹായങ്ങൾ ഒറ്റക്കെട്ടായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറും ഓൺലൈൻ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ വൈകിട്ട് 7.30 മുതൽ 8 വരെ പ്രാർത്ഥിക്കാനാണ് സ്വാമി ബ്രഹ്മവിഹാരി സ്വാമി നിർദ്ദേശിച്ചിരിക്കുന്നത്. പ്രാർത്ഥനാ ദിനത്തിന് ഐക്യദാർഢ്യമായി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ആധ്യാത്മീക സംഘടനകളുടെ സഹകരണത്തോടെ അഖണ്ഡ പ്രാർത്ഥന ഇന്നു വൈകിട്ട് ആറ് മുതൽ ആരംഭിക്കുമെന്ന് വികാരി അറിയിച്ചു.