പതിനാലുകാരിയെ മദ്യലഹരിയില്‍ അപമാനിച്ച ഇന്ത്യക്കാരനെതിരെ ദുബായിയിൽ കേസ്


ദുബായ് : പതിനാലുകാരിയായ സ്കൂൾ വിദ്യാർഥിനിയെ മദ്യലഹരിയില്‍ അപമാനിച്ച ഇന്ത്യക്കാരനെതിരെ ദുബായിയിൽ കേസ്. നിര്‍മ്മാണ തൊഴിലാളിയായ 32 കാരനാണ് പിടിയിലായത്. വിദ്യാർഥിനി മെട്രോ സ്‌റ്റേഷനിലൂടെ നടക്കുമ്പോൾ ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ഇന്ത്യക്കാരൻ ദുബായ് പ്രാഥമിക കോടതിയിൽ ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം.

താന്‍ സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യവേ പെണ്‍കുട്ടിയും ടിക്കറ്റ് നല്‍കുന്നയാളും തന്നെ സമീപിക്കുകയും ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരാതി പറയുകയുമായിരുന്നെന്ന് കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഡ്യൂട്ടി ഓഫിസറെ വിവരമറിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

പെണ്‍കുട്ടി ഈ സമയത്ത് കരയുകയായിരുന്നെന്നും കരഞ്ഞുകൊണ്ടാണ് തന്നോട് പരാതി പറഞ്ഞതെന്നും പൊലീസുകാരന്‍ മൊഴിനൽകി. പെൺകുട്ടി വല്ലാതെ ഭയന്നിരുന്നു. ഉടൻ തന്നെ ടിക്കറ്റ് നൽകുന്ന ജീവനക്കാരനോട് പരാതി പറഞ്ഞു. സംഭവത്തിന് മുൻപ് ഒരിക്കൽ പോലും ഇയാളെ കണ്ടിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. പ്രതി മദ്യലഹരിയിലായിരുന്നെന്നും പെണ്‍കുട്ടി സ്റ്റേഷനിലൂടെ വരുമ്പോള്‍ കയറിപിടിക്കുകയായിരുന്നെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. യുവാവ് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെട്രോ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ മെട്രോ സ്റ്റേഷനിൽ വലിയ തിരക്കില്ലായിരുന്നു. പ്രതി പെൺകുട്ടിയുടെ സമീപത്തുകൂടെ നടന്നു പോവുകയും ദേഹത്ത് സ്പർശിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കേസിന് കൂടുതൽ ശക്തി പകർന്നു. പ്രതിക്കെതിരെ അനുമതിയില്ലാതെ മദ്യപിച്ചതിന് മറ്റൊരു കേസും ചാർജ് ചെയ്തിട്ടുണ്ട്. ഈ കേസിൽ 2000 ദിർഹം പിഴ നൽകണം. പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ഫെബ്രുവരി 13ന് കോടതി വിധി പറയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed