കുവൈത്തിൽ ദുരിതത്തിലായ ഇന്ത്യൻ നഴ്സുമാർക്ക് അനുകൂലമായ തീരുമാനം ഉടനുണ്ടാകും

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിയമനം നേടിയെങ്കിലും ജോലിയോ ശന്പളമോ ലഭിക്കാത്ത 80 ഇന്ത്യൻ നഴ്സുമാർക്ക് അനുകൂലമായ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. നഴ്സുമാരുടെ പൂർണവിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി. ഇവരിൽ ഭൂരിഭാഗവും മലയാളി നഴ്സുമാരാണ്. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അവർക്കു ശന്പളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 80 പേരുടെ പട്ടിക കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. തുടർച്ചയായി പട്ടികയിൽ ഉൾപ്പെട്ട ഓരോരുത്തരെക്കുറിച്ചുമുള്ള പൂർണവിവരം ലഭ്യമാക്കണമെന്നു മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെയുള്ളവ നൽകിയത്. ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെന്റ് വിവാദത്തിൽ ആയ 2015ൽ നിയമനം നേടിയവരാണ് കുവൈത്തിൽ എത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശന്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്.
ദുരിതത്തിലായ നഴ്സുമാർ നിരന്തരം ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് എംബസി അധികൃതർ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം അധികൃതർ ഇന്ത്യയിൽനിന്ന് നേരിട്ടു റിക്രൂട്ട് ചെയ്യുകയും കുവൈത്തിൽ എത്തിയശേഷം ദുരിതത്തിലാവുകയും ചെയ്തവർക്കു വേണ്ടി മാത്രമായിരുന്നു എംബസി ഇടപെടൽ.
വിവാദത്തിൽപ്പെട്ട ഏജൻസികൾ വഴി കുവൈത്തിൽ എത്തിയ ചിലരും ഈ പഴുത് ഉപയോഗിച്ച് പട്ടികയിൽ ഉൾപ്പെടാൻ ശ്രമിച്ചുവെങ്കിലും എംബസി പരിഗണിച്ചില്ല. പട്ടികയിലെ എണ്ണം അടിക്കടി വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി.