നോന്പ് തുറ : പുതിയ റെക്കോർഡുമായി ദുബൈ പോലീസ്

ദുബൈ : റമദാനിൽ ഏറ്റവും വലിയ നോന്പുതുറ ഒരുക്കി ദുബൈ ഗിന്നസ് റെക്കോർഡിൽ സ്ഥാനം പിടിച്ചു. ജബൽ അലിയിലെ ഇൻഡസ്ട്രിയൽ പാർക്കിൽ ദുബൈ പോലീസാണ് ചരിത്രം തിരുത്തിയ ഉദ്യമത്തിന് നേതൃത്വം നൽകിയത്. 12,850 പേർ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനായി പേർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എത്തിയത് 18,500 പേർ. ഇവർക്കെല്ലാം ഒരേസമയം നോന്പുതുറയ്ക്കുള്ള സൗകര്യമാണ് ഒരുക്കിയത്. ആറ് കിലോമീറ്റർ നീളത്തിൽ നാല് വരികളിലായാണ് തൊഴിലാളികളടക്കം ആളുകൾ നോന്പുതുറയ്ക്ക് ഇരുന്നത്. ഇരിക്കാനുള്ള സൗകര്യത്തിന് കാർപെറ്റും വിരിച്ചു. ഒരോ 400 മീറ്ററിലും കുടിവെള്ളെം, ജ്യൂസ് തുടങ്ങിയവ ലഭ്യമാകുന്ന ടെന്റുകളും സജ്ജമായിരുന്നു.
വിഭവസമൃദ്ധമായ ഇഫ്താർ ഭക്ഷണം ഒരുക്കാൻ ദുബൈയിലെ റസ്റ്റോറന്റുകളും സഹകരിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, ചൈന എന്നീരാജ്യക്കാരായ തൊഴിലാളികൾ പങ്കെടുത്തു.