എസ്.എസ്.എൽ.സി: ഗൾഫിൽ 98.9 ശതമാനം വിജയം

ദുബൈ : എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. പരീക്ഷ എഴുതിയ 544 വിദ്യാർത്ഥികളിൽ 538 പേരും ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. − 98.9താണ് വിജയ ശതമാനം. ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ് എസ്.എസ്.എൽ.സി പരീക്ഷാ കേന്ദ്രങ്ങളുള്ളത്. പരീക്ഷ നടന്ന ഒന്പതിൽ ആറു സ്കൂളുകൾ നൂറുമേനി വിജയം നേടി. 56 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതിയത് അബുദാബി മോഡൽ സ്കൂളിലാണ്. ഇവിടെ പരീക്ഷ എഴുതിയ 130 പേരും വിജയിച്ചു. ഇതിൽ 37 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. 50 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നാലുപേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ഉണ്ട്. ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 76 വിദ്യാർത്ഥികളിൽ 73 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. ബംഗ്ലാദേശിൽ നിന്നുള്ള വിദ്യാർത്ഥിനി അടക്കം നാലുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
55 വിദ്യാർഥികൾ പരീക്ഷ എഴുതിയ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 54 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. മൂന്നുപേർക്ക് എപ്ലസ്. അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷ എഴുതിയ 34 പേരും ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്കൂളിലെ 31 പേരും വിജയിച്ചു. ഉമ്മുൽഖുവൈനിലെ ന്യൂ ഇന്ത്യൻ സ്കൂളിലെ 46 പേരും വിജയിച്ചു. ഇവിടെ മൂന്നു വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ പരീക്ഷ എഴുതിയ 61 പേരും ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. ഒരാൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
ഫുജൈറ ഇന്ത്യൻ സ്കൂളിലെ 61 പേരിൽ 59 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. നാലുപേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂളിൽ 11 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ പരീക്ഷയെഴുതി. ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പലസ്തീൻ, കോമറോസ്, ശ്രീലങ്ക, മൊറോക്കോ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളകുട്ടികളാണു പരീക്ഷയെഴുതിയത്.