ദുബൈ ടൂർ സൈക്ലിംഗിന് ഇന്ന് തുടക്കമാകും

ദുബൈ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകളിലെ പ്രമുഖരടക്കം 112 സൈക്ലിംഗ് താരങ്ങൾ അണിനിരക്കുന്ന ദുബൈ ടൂറിന് ചൊവ്വാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിൽ യു.എ.ഇയിലെ ആറു എമിറേറ്റുകളിലൂടെയായി 851 കിലോ മീറ്റർ ദൂരത്തിലാണ് സൈക്കിൾ യാത്ര. ഇൗ സമയം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗതം സുഗമമാക്കുന്നതിനും ദുബൈ പോലീസ് 500 ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ 250 വാഹനങ്ങളും ഏർപ്പെടുത്തും.
ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എസ്.സി) സെക്രട്ടറി ജനറൽ സഇൗദ് ഹാരിബ്, ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രി.സെയ്‌ഫ് മുഹൈർ അൽ മസ്റൂയി, ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി റൈറ്റ് ഒാഫ് വേ ഡയറക്ടർ ആദിൽ അൽ മസ്റൂഖി, ദുബൈ ടൂർ റേസ് ഡയറക്ടർ ഹുറൈസ് ബിൻ ഹുറൈസ് എന്നിവരും മറ്റു ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
167 കിലോമീറ്റർ ദൂരമുള്ളതാണ് ഉദ്ഘാടന ദിവസം നടക്കുന്ന ദ് നഖീൽ േസ്റ്റജ്. 190 കിലോ മീറ്റർ ദൂരമുള്ള രണ്ടാമത്തെ സ്റ്റേജ് ബുധനാഴ്ച നടക്കും. മൂന്നാം ദിനമായ വ്യാഴാഴ്ച (8) 183 കിലോ മീറ്റർ ദൂരമാണ് ദുബൈയിൽ നിന്ന് ഫുജൈറയിലേയ്ക്കുള്ള യാത്ര. 172 കിലോ മീറ്ററാണ് നാലാം ദിനമായ വെള്ളിയാഴ്ച(9)ത്തെ യാത്ര.