യു.എ.ഇയിൽ ആരോഗ്യ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

അബുദാബി : രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി മെഡിക്കൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന് യു.എ.ഇ മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിൽ നടന്ന യോഗത്തിലാണ് ദേശീയാരോഗ്യ പദ്ധതിക്ക് അംഗീകാരം നൽകിയത്.
രാജ്യത്തെ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനും മെഡിക്കൽ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനും ഭാവിയിലേക്ക് വേണ്ട ആരോഗ്യ സേവനങ്ങൾ നടപ്പാക്കാനാണ് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്. ദേശീയതലത്തിലുള്ള ഈ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇത് കൂടാതെ സ്വദേശികൾക്കായി 7200 വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്കും ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. 700 കോടി ദിർഹം ചെലവിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇത് പ്രാബല്യത്തിലാകും.