അറബ് വിദ്യാർത്ഥികൾക്ക് സൗജന്യ കന്പ്യൂട്ടർ പ്രോഗ്രാമിംഗിൽ പരിശീലനം നൽകാൻ യു.എ.ഇ

ദുബൈ : അറബ് വിദ്യാർത്ഥികൾക്ക് സൗജന്യ കന്പ്യൂട്ടർ പ്രോഗ്രാമിംഗിൽ പരിശീലനം നൽകാൻ യുഎഇ പദ്ധതി നടപ്പാക്കുന്നു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് അറബ് പ്രോഗ്രാമർമാരെ വാർത്തെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. പത്ത് ലക്ഷം വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനം നൽകുന്ന അദ്ധ്യാപകർക്കായി ദശലക്ഷം ഡോളറിന്‍റെ ആനുകൂല്യങ്ങൾ നൽകാനും പദ്ധതിയുണ്ട്.
വൺ മില്യൻ അറബ് കോഡേഴ്സ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക ലോകത്തിന്റെ ഭാഷ കോഡിംഗാണ്. ഈ രംഗത്ത് അറബ് യുവാക്കൾക്ക് കഴിവും പ്രാപ്തിയും നൽകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിയിലെ തൊഴിൽരംഗത്ത് ഇത് കൂടുതൽ അവസരങ്ങൾ അറബ് യുവാക്കൾക്ക് തുറന്നു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പിന്തുണയോടെ നടക്കുന്ന പരിശീലന പരിപാടി സൗജന്യമായിരിക്കും.
മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്.