സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി യു.എ.ഇ

ദുബൈ : സൗദി അറേബ്യയുടെ 87−ാം ദേശീയ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി യു.എ.ഇ. 23−നാണ് സൗദി ദേശീയദിനം. ഇതിന്റെ ഭാഗമായി നാളേയും മറ്റന്നാളുമാണ് യു.എ.ഇയിൽ ആഘോഷ പരിപാടികൾ നടക്കുക. ദുബൈയിലെ പ്രമുഖ ലാൻഡ് മാർക്കുകളെല്ലാം സൗദി പതാകയുടെ പച്ചനിറത്തിൽ ദീപാലംകൃതമായിട്ടാകും ദേശീയ ദിനത്തെ വരവേൽക്കുക. സംഗീതനിശയും കരിമരുന്നു പ്രയോഗവുമാണ് മറ്റു പരിപാടികൾ. 23−ന് വൈകീട്ട് എട്ടരയ്ക്ക് ദുബൈ ക്രീക്കിൽ കരിമരുന്നു പ്രയോഗം നടക്കും. പ്രമുഖ മാളുകളിലും ആഘോഷത്തിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
സൗദിയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലായ്പ്പോഴും ഒരുമിച്ച് എന്ന അറബി ഹാഷ്് ടാഗോടെ പുതിയ ലോഗോയും ദുബൈ പുറത്തിറക്കിയിട്ടുണ്ട്. യു.എ.ഇ.യുടെയും സൗദിയുടെയും സൗഹൃദത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശങ്ങളുമായി വിവിധ ഗവൺമെന്റ് വകുപ്പുകളും ആഘോഷത്തിന്റെ ഭാഗമാകുന്നു. തങ്ങളുടെ നെറ്റ്്വർക്കിന്റെ പേർ യു.എ.ഇ− കെ.എസ്.എ. ടുഗതർ എന്നാക്കി മാറ്റിയാണ് ടെലികോം കന്പനികളായ ഇത്തിസലാത്തും ഡുവും സൗദി ദേശീയ ദിനത്തി
ൽ പങ്കുചേരുന്നത്. ദുബൈയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പാസ്പോർട്ടുകളിൽ ഉപയോഗിക്കാൻ പുതിയ ലോഗോയോടെ രൂപകൽപ്പന ചെയ്ത പ്രത്യേക എൻട്രി സ്റ്റാന്പാണ് താമസ കുടിയേറ്റവകുപ്പു പുറത്തിറക്കിയത്.
യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്റർ സന്ദേശത്തിലൂടെ സൗദിയിലെ സഹോദരങ്ങൾക്ക് ദേശീയദിനത്തിന്റെ ആശംസകളറിയിച്ചിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൗദിയുടെ സന്തോഷം യു.എ.ഇ.യുടെയും ഇവിടുത്തെ ജനതയുടെയും സന്തോഷമാണ്. ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.