നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് റഡാറുകൾ

ഷാർജ : ഷാർജയിൽ കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു. എമിറേറ്റിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയാണ് സ്മാർട്ട് റഡാറുകളുടെ പുതിയ സേവനങ്ങൾ ലക്ഷ്യമാക്കുന്നതെന്നു ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് പട്രോളിംങ് വകുപ്പ് ഡയറക്ടർ മേജർ മുഹമ്മദ് അല്ലേയ് അൽ നഖ്ബി പറഞ്ഞു.
ഡ്രൈവർ മാത്രമല്ല പിന്നിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും റഡാറുകൾ പിടികൂടുമെന്ന് ഷാർജ പോലീസ് അധികൃതർ അറിയിച്ചു. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കിലും റഡാറുകൾ മിന്നും. കൂടാതെ ട്രക്കുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ അനുവദനീയമായ ലെയിനുകൾ തെറ്റിച്ച് വാഹനമോടിച്ചാലും റഡാറുകൾ കണ്ടെത്തും.
റോഡപകടങ്ങളിലെ മരണനിരക്കും ഇപ്രകാരം കുറക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പുതുതായി ചേർത്തത് കൂടാതെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം തുടങ്ങി മറ്റുനിരവധി നിയമ ലംഘനങ്ങളും സ്മാർട്ട് റഡാറുകൾ വഴി കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിയമലംഘനങ്ങളുടെ ലൈവ് വീഡിയോയും സ്മാർട്ട് റഡാറുകൾ വഴി ലഭിക്കുന്നുണ്ട്.