യു.എ.ഇയിൽ മത്സ്യ ലഭ്യത കുറഞ്ഞു

അബുദാബി : ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാലാവസ്ഥാ വ്യതിയാനം മൂലം പുറം കടലിൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനെ തുടർന്ന് മാർക്കറ്റിൽ മത്സ്യ ലഭ്യത കുറഞ്ഞു. അതുകൊണ്ട് തന്നെ ചില മീനുകൾക്ക് വില വർദ്ധനവും ഉണ്ടാകുന്നതായി അബുദാബി മിന മത്സ്യമാർക്കറ്റിലെ ഒരു മലയാളി വ്യാപാരി പറഞ്ഞു. പ്രാദേശിക മത്സ്യങ്ങൾക്ക് പുറമെ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്‌ഥാൻ, യമൻ, ഒമാൻ, ഇന്തോനീഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സ്യങ്ങളും ഈ മാർക്കറ്റിൽ ദിവസവും എത്താറുണ്ട്. കാലാവസ്‌ഥാ മാറ്റം പ്രാദേശിക മത്സ്യങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിച്ചതാണ് മത്സ്യ ലഭ്യത കുറയാനിടയാക്കിയത്. ഹാമൂർ മത്സ്യത്തിനിപ്പോൾ താരതമ്യേന വില കുറവാണ്. കിലോഗ്രാമിന് 30 മുതൽ 40 വരെ ദിർഹത്തിന് സാമാന്യം നല്ല വലിപ്പമുള്ള ഹാമൂർ മത്സ്യം ലഭ്യമാകുന്നുണ്ട്. മാർക്കറ്റിൽ കച്ചവടം കുറഞ്ഞതോടെ മത്സ്യം നന്നാക്കി ഉപജീവനം നടത്തുന്ന കൂലിപ്പണിക്കാരും ദുരിതത്തിലാണ്.