ഒരു വര്‍ഷം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നാല്‍...

സ്ഥിരമായി ബോഡി സ്പ്രേ അല്ലെങ്കില്‍ ഡിയോഡറന്റ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ശീലമാക്കുന്നവര്‍ക്ക് ഒരിക്കല്‍ ഉപയോഗിക്കാന്‍ സാധിക്കാതിരുന്നാല്‍ വലിയ അസ്വസ്ഥതയായിരിക്കുമെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍, ഒരു വര്‍ഷത്തോളം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നാല്‍ ശരീരത്തില്‍ എന്ത് മാറ്റം സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഏകദേശം ഒരു വര്‍ഷക്കാലം ബോഡി സ്പ്ര ഉപയോഗിക്കാതിരുന്നതിനെ കുറിച്ച് ഒരു യുവതി തന്റെ അനുഭവം പങ്കു വെയ്ക്കുന്നത് കേട്ടു നോക്കൂ. യൂട്യൂബില്‍ ഏറെ ആരാധകരുള്ള എലീസ് ബ്രോട്ടിഗം എന്ന ഇരുപത്തിരണ്ടുകാരിയാണ് ഒരു വര്‍ഷമായി ബോഡി സ്പ്രേ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടുള്ള ചില നേട്ടങ്ങള്‍ പറയുന്നത്.
സ്തനാര്‍ബുദം ഉണ്ടാകുമെന്ന ഭയം കാരണമാണ് താന്‍ ബോഡി സ്പ്രേകള്‍ ഉപേക്ഷിച്ചതെന്നും ഒരു വര്‍ഷമായി ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നതു കൊണ്ടുള്ള നേട്ടങ്ങള്‍ ഉണ്ടായി എന്നും ഇവര്‍ പറയുന്നു. ഒരു വര്‍ഷം ബോഡി സ്പ്രേ ഉപയോഗിക്കാതിരുന്നിട്ടും, തനിക്ക് യാതൊരുവിധ ശരീര ദുര്‍ഗന്ധവുമുള്ളതായി ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നാണ് ബ്രോട്ടിഗം പറയുന്നത്. ഏറ്റവുമൊടുവില്‍ ബ്രോട്ടിഗം യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ബോഡി സ്പ്രേ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് വിവരിക്കുന്നത്.
2015 ഒക്ടോബര്‍ മുതല്‍ താന്‍ ഒരുതരത്തിലുമുള്ള സ്പ്രേകള്‍ ഉപയോഗിച്ചിട്ടില്ല. മാത്രവുമല്ല, ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയതോടെ ശരീര ദുര്‍ഗന്ധം പൂര്‍ണമായും വിട്ടൊഴിഞ്ഞതായാണ് ബ്രോട്ടിഗത്തിന്റെ അനുഭവസാക്ഷ്യം. എല്ലാ ദിവസവും മണിക്കൂറുകളോളം ജിമ്മില്‍ ചെലവിടുന്ന താന്‍, നന്നായി വിയര്‍ത്തുകുളിച്ചാലും ദുര്‍ഗന്ധമുണ്ടാകുന്നില്ലെന്നും എലീസ് ബ്രോട്ടിഗം പറയുന്നു.