ദുബൈയിൽ കനത്ത മഴയും പൊടിക്കാറ്റും

ദുബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും കനത്ത പൊടിക്കാറ്റും. റാസൽഖൈമ, ഫുജൈറ, അൽഐനിന്റെ വിവിധ ഭാഗങ്ങൾ, ഷാർജ തുടങ്ങിയയിടങ്ങളിൽ ഇന്നലെ മഴ ലഭിച്ചു. ഷാർജയിൽ അൽ ഖുദ്റ, മലീഹ, ദൈദ്, മദാം, ഖതം അൽ ശഖ്ല തുടങ്ങിയ പ്രദേശങ്ങൾ മുതൽ അൽഐനിന്റെ കിഴക്കൻ മേഖലകൾ വരെ മഴ പെയ്തു. ഫുജൈറയിൽ മസാഫിയിലും വൈകിട്ട് മഴ ലഭിച്ചു. അജ്മാൻ, ഷാർജ, റാസൽഖൈമ എമിറേറ്റുകളിൽ വ്യാഴാഴ്ച വൈകിട്ട് കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. റാസൽഖൈമയിൽ ദുസ്സഹമായ രീതിയിലുള്ള പൊടിക്കാറ്റിനെ തുടർന്ന് ആശ്വാസമെന്നോണം ദയ്ത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മലയോരപ്രദേശങ്ങളിലെ വാദികൾ നിറഞ്ഞൊഴുകി. ഉൾറോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ വെള്ളമിറങ്ങിയതും പൊടിക്കാറ്റ് മൂലം അന്തരീക്ഷം മൂടിയതും ട്രാഫിക് സിഗ്നൽ പോലും കാണാനാവാത്തതും നഗരത്തിലെ ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും ഗതാഗത കുരുക്കുമൂലം നീണ്ട വാഹന നിരകൾ രൂപപ്പെട്ടു. പൊടിക്കാറ്റ് ശക്തമായത് പുറത്തിറങ്ങുന്നത് പോലും ദുഃസ്സഹമാക്കി. കഴിഞ്ഞ ദിവസം റാസൽഖൈമയിലെ തെക്കൻ മലയോര പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. വടക്ക്, കിഴക്കൻ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. മറ്റ് മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളും വാദികളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.