മൂന്നുമണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഒടുവിൽ സാറാമ്മ കരപറ്റി

തലയോലപ്പറമ്പ് (കോട്ടയം): മരണത്തിനും ജീവിതത്തിനും ഇടയിലൂടെ മൂന്നുമണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ കരപറ്റിയപ്പോള്‍ സാറാമ്മക്ക് വിവരിക്കാന്‍ വാക്കുകളില്ല. ആരോ തന്നെ കാത്തെന്ന ഒറ്റവാക്കില്‍ എല്ലാം ഇവര്‍ ദൈവത്തിന് വിട്ടുകൊടുത്തു. പുഴയിലൂടെ മൂന്നുമണിക്കൂര്‍ ഒഴുകിനടന്ന വീട്ടമ്മയെ പൊലീസാണ് രക്ഷിച്ചത്.
ഇരുമ്പയം സ്വദേശിയായ തങ്കമ്മ എന്ന സാറാമ്മയാണ് (62) പുഴയില്‍ പെട്ടത്. രാവിലെ വെള്ളൂര്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനടുത്ത കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. അബദ്ധത്തില്‍ ഒഴുക്കില്‍പെട്ടു. ഇങ്ങനെ മലര്‍ന്നുകിടന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കരിപ്പാടം പാറക്കല്‍ കടവുവരെ ഒഴുകിയത്തെി.
പാറക്കല്‍കടവിലെ കടത്തുകാര്‍ ഇവരെ കണ്ടു. തുടര്‍ന്ന് വിവരമറിഞ്ഞത്തെിയ തലയോലപ്പറമ്പ് പൊലീസ് 11.30ഓടെ കരക്കത്തെിക്കുകയായിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലാതിരുന്ന ഇവരെ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പൊലീസ് പറഞ്ഞുവിട്ടു.