ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി

ഒത്തരുമയോടെ കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ, വിരാട് കോഹ്ലിയുടെ സീസണിലെ അഞ്ചാം ഐ.പി.എൽ അർധ സെഞ്ച്വറി വെറുതെയായി. മത്സരത്തിൽ 21 റൺസിനാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരാജയപ്പെട്ടത്. 37 പന്തിൽ 54 റൺസെടുത്താണ് കോഹ്ലി പുറത്തായത്. എന്നാൽ, മത്സരത്തിൽ ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം കോഹ്ലി. ട്വന്‍റി20യിൽ ഒരു വേദിയിൽ 3000 റൺസോ, അതിലധികമോ റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ താരത്തിന്‍റെ റൺ സമ്പാദ്യം 3015 ആയി. 92 ഇന്നിങ്സുകളിൽനിന്നാണ് ഈ നേട്ടത്തിലെത്തിയത്. തൊട്ടുപിന്നിൽ ബംഗ്ലാദേശ് മുൻ നായകന്മാരായ മുഷ്ഫിഖുർ റഹീമും മുഹമ്മദുല്ലയുമാണുള്ളത്. മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ റഹീം 121 ഇന്നിങ്സുകളിൽനിന്നായി 2,989 റൺസും മുഹമ്മദുല്ല 130 ഇന്നിങ്സുകളിൽനിന്നായി 2,813 റൺസും നേടിയിട്ടുണ്ട്. കൊൽക്കത്തക്കെതിരെ തോൽവി ടീം അർഹിച്ചതായിരുന്നുവെന്നാണ് മത്സരശേഷം കോഹ്ലി പ്രതികരിച്ചത്.
‘സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ മത്സരം അവർക്ക് മുന്നിൽ അടിയറവെക്കുകയായിരുന്നു. തോൽക്കാൻ ഞങ്ങൾ അർഹരായിരുന്നു. ഞങ്ങൾ വേണ്ടത്ര പ്രഫഷനൽ ആയിരുന്നില്ല. ഞങ്ങൾ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ നിലവാരം പുലർത്തിയിരുന്നില്ല. ഇത് അവർക്ക് നൽകിയ സൗജന്യമായിരുന്നു’ -കോഹ്‌ലി പറഞ്ഞു. നിലവിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലു വീതം ജയവും തോൽവിയുമായി ബാംഗ്ലൂർ പോയന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
FDFSDFS