വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുള്ള പാവയേന്തി പരിഹസിച്ച് മാര്‍ട്ടിനെസ്


കിലിയന്‍ എംബാപ്പെയെ വിടാതെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളായ ശേഷം അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ ടീമംഗങ്ങള്‍ക്ക് വന്‍ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ലോകകപ്പുമായി ബ്യൂണസ് ഐറിസില്‍ താരങ്ങള്‍ നടത്തിയ വിക്ടറി പരേഡിലാണ് ഫ്രെഞ്ച് താരമായ എംബാപ്പെയെ പരിഹസിച്ച് മാര്‍ട്ടിനെസ് എത്തിയത്.

ചൊവ്വാഴ്ച രാജ്യത്തെത്തിയ ടീമംഗങ്ങള്‍ തുറന്ന ബസില്‍ ആരാധകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നഗരം ചുറ്റുകയായിരുന്നു. ഇതിനിടെയാണ് എമിലിയാനോ മാര്‍ട്ടിനെസ് എംബാപ്പെയുടെ മുഖമുള്ള പാവയെ കൈയില്‍ പിടിച്ച് എത്തിയത്. പാവയെ പിടിച്ച് മെസ്സിക്ക് സമീപം നില്‍ക്കുന്ന മാര്‍ട്ടിനെസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ മാര്‍ട്ടിനെസിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

എംബാപ്പെയെ പരിഹസിച്ച് മാര്‍ട്ടിനെസ് ഇതിനു മുന്‍പും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനെ കളിയാക്കിയുള്ള എംബാപ്പെയുടെ പരാമര്‍ശമായിരുന്നു തുടക്കം. യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്പ്പോഴും നിലവാരത്തിലുള്ള മത്സരങ്ങള്‍ കളിക്കാറുള്ളതെന്നുമാണ് താരം പറഞ്ഞത്. ഇതിന് മറുപടിയായി എംബാപ്പെയ്ക്ക് ഫുട്‌ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നായിരുന്നു മാര്‍ട്ടിനെസിന്റെ പ്രതികരണം. ഫ്രാന്‍സിനെ തോല്‍പ്പിച്ച് ലോകകിരീടം ഉയര്‍ത്തിയതിന്റെ ആഘോഷത്തിനിടെ എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാമെന്ന് മാര്‍ട്ടിനെസ് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാര്‍ട്ടിനെസ് പാവയുമായി എത്തുന്നത്. അതേസമയം ബ്യൂണസ് ഐറിസിലെ വിജയാഘോഷങ്ങള്‍ക്കിടെ ആരാധകര്‍ എംബാപ്പെയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

ഫ്രാന്‍സിനെതിരെ നടന്ന ഫൈനലില്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത് എംബാപ്പെയാണ്. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ അര്‍ജന്റീന ആശ്വസിച്ച് കളിച്ചു കൊണ്ടിരിക്കെ 97 സെക്കന്റിനുള്ളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് അയാള്‍ സര്‍വ്വരെയും ഞെട്ടിച്ചു. എംബാപ്പെയുടെ ഹാട്രിക്കില്‍ സമനിലയിലായ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ മാര്‍ട്ടിനെസിന്റെ മികച്ച പ്രകടനമാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് എത്തിച്ചത്. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയതും മാര്‍ട്ടിനെസ് ആയിരുന്നു.

article-image

DF

You might also like

  • Lulu Exchange
  • Straight Forward

Most Viewed