ഏപ്രിൽ അവസാന രണ്ടാഴ്ച നിർണായകമെന്ന് ഒമാൻ ആരോഗ്യ മന്ത്രി

മസ്കറ്റ്: ബുധനാഴ്ച 109 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ പ്രകാരം 1019 ആയി. പ്രവാസികൾ കൂടുതലായുള്ള തെക്കൻ ശർഖിയയിലെ ജാലാൻ ബനി ബൂവാലി ഐസൊലേറ്റ് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സയ്യിദി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗോള തലത്തിലെ കണക്കെടുത്താൽ രോഗ വ്യാപനത്തോത് കുറവാണ്. എന്നാൽ ദിനംപ്രതി രോഗബാധിതർ കൂടുകയാണ്. നേരത്തേ തന്നെ മസ്കറ്റ്, മത്രാ വിലായത്തുകൾ ഐസൊലേറ്റ് ചെയ്തിരുന്നു.
വരുന്ന രണ്ടാഴ്ചകൾ പരമപ്രധാനമാണ്. ഏപ്രിൽ 23 മുതൽ 30 വരെയുള്ള കാലത്ത് വൈറസ് അതിന്‍റെ പാരമ്യതയിൽ എത്തുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഈ കാലയളവിൽ ദിവസേന 500നു മുകളിൽ പേർക്ക് രോഗ ബാധയുണ്ടാകുമെന്നാണ് കരുതുന്നത്. ഒമാനിലെ ആശുപത്രികളിൽ ആകെ 30 പേരാണ് പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 7 പേർ തീവ്രപരിചരണത്തിലാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട ബാക്കിയുള്ളവർ ഐസൊലേഷനിൽ ആണ്. ഇവർക്ക് നിസാര രോഗ ലക്ഷണങ്ങൾ ആണുള്ളത്. രോഗം സ്ഥിരീകരിച്ച 1019 പേരിൽ 635 പേർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളാണ്.