ലോക്ക്ഡൗണ്‍: പ്രതിസന്ധിയിലായ നാട്ടുകാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് ഫുട്ബോൾ താരം


കൊൽക്കത്ത: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടർന്ന് ജീവിതം തന്നെ പ്രതിസന്ധിയിലായ ദിവസവേതനക്കാർക്ക് കൈത്താങ്ങുമായി ഇന്ത്യൻ ഫുട്ബോൾ താരം സുഭാശിഷ് ബോസ്. 

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനയിലെ സ്വന്തം പട്ടണമായ സുഭാസ്ഗ്രാമിലെ ഭവനരഹിതർക്കും ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നത് സുഭാശിഷാണ്. ലോക്ക്ഡൗണിനു ശേഷം എല്ലാ ദിവസവും രാവിലെ സുഭാസ്ഗ്രാമിൽ ഒരു നീളൻ ക്യൂ കാണും. റിക്ഷാ വണ്ടിക്കാരടക്കമുള്ള ദിവസ വേതനക്കാരാണ് ഈ ക്യൂവിൽ ഉണ്ടാകുക. ദിവസേനയുള്ള റേഷൻ സ്വീകരിക്കാനാണ് അവരുടെ വരവ്. ക്യൂവിന്റെ അറ്റത്ത് അരി, പയർവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ്, ഉള്ളി, മറ്റ് പ്രധാന ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ പാക്കറ്റുകൾ സന്തോഷത്തോടെ വിതരണം ചെയ്യുന്ന ഇന്ത്യൻ താരം സുഭാശിഷിനെയും കാണാം. 

‘’പ്രാദേശിക മത്സരങ്ങൾക്ക് പോകുമ്പോഴും മറ്റും നിരവധി റിക്ഷാവണ്ടിക്കാർ എനിക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ടീമിനായി മികച്ച പ്രകടനം നടത്തിയപ്പോഴെല്ലാം പ്രദേശത്തെ കച്ചവടക്കാരും കടയുടമകളും എനിക്ക് നിരവധി ഭക്ഷണപാക്കറ്റുകൾ സൗജന്യമായി തന്നിട്ടുണ്ട്. ഇപ്പോൾ അതെല്ലാം എനിക്ക് തിരികെ നൽകാനുള്ള സമയമാണ്’’, സുഭാശിഷ് പി.ടി.ഐയോട് പറഞ്ഞു. എന്റെ വളർച്ചയിൽ എന്നെ സഹായിച്ച നിരവധി പേരുണ്ട് ഈ പ്രദേശത്ത്. അത്തരത്തിൽ അറിയുന്ന നിരവധി മുഖങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറാൻ സാധിച്ചത് ഏറെ സംതൃപ്തി നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed