ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവം; മിതാലി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇക്കാരണത്താലാണ് മിതാലി വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മിതാലിയെ മാറ്റിനിര്‍ത്തിയതിനെതിരേ താരത്തിന്റെ മാനേജര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരിചയസമ്പന്നയായ മിതാലിയെ മാറ്റിനിര്‍ത്തി ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടു. മത്സരം തോറ്റതോടെയാണ് വിമര്‍ശനങ്ങള്‍ കടുത്തത്.
ട്വന്റി 20-യില്‍ പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളേറെ റണ്‍സ് നേടിയിട്ടുള്ള താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.