ഡേവിസ് കപ്പ് പ്ലേഓഫിനുള്ള ഇന്ത്യൻ ടീമിൽ നിന്നു ലിയാണ്ടർ പെയ്സ് പുറത്ത്


തൃശൂർ : കാനഡയ്ക്കെതിരായ ഡേവിസ് കപ്പ് പ്ലേഓഫിനുള്ള ഇന്ത്യൻ ടീമിൽ നിന്നു വിഖ്യാതതാരം ലിയാണ്ടർ പെയ്സ് പുറത്ത്. തൃശൂരിൽ നടന്ന സിലക്‌ഷൻ കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനം. മോശം ഫോമും റാങ്കിങ്ങിലെ വീഴ്ചയും പെയ്സിനു വിനയായി. യുവതാരങ്ങളായ യൂക്കി ഭാംബ്രി, സാകേത് മൈനേനി, രാംകുമാർ രാമനാഥൻ, രോഹൻ ബൊപ്പണ്ണ എന്നിവർ ടീമിൽ ഇടംപിടിച്ചു. മഹേഷ് ഭൂപതിയാണ് ക്യാപ്റ്റൻ. സെപ്റ്റംബർ 15,16,17 തീയതികളില്‍ കാനഡയിലാണ് മത്സരം.

കഴിഞ്ഞ ഏപ്രിലിൽ ഉസ്ബക്കിസ്ഥാനെതിരെ നടന്ന ഡേവിസ് കപ്പ് മത്സരത്തിലും ലിയാണ്ടർ പെയ്സ് ഇന്ത്യയ്ക്കായി കളിച്ചിരുന്നു. പിന്നീടു രാജ്യാന്തര മത്സരങ്ങളിലേറ്റ നിരന്തര തോൽവികള്‍ പെയ്സിനു വിനയായി. കമ്മിറ്റി ചെയർമാൻ എസ്.പി. മിശ്ര, അംഗങ്ങളായ ബൽറാം സിങ്, നന്ദൻ ബാൽ, സീഷൻ അലി, ഹിരൺമയി ചാറ്റർജി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

‘മോശം ഫോമും റാങ്കിങ്ങിലെ വീഴ്ചയും തന്നെയാണ് പെയ്സിന്റെ സാധ്യതകൾ നഷ്ടപ്പെടുത്തിയത്. എന്നുകരുതി പെയ്സിനു മുന്നിൽ എന്നെന്നേക്കുമായി വാതിലടഞ്ഞെന്ന് അർഥമില്ല. പ്രകടനം മെച്ചപ്പെടുത്തിയാൽ ടീമിലേക്കു തിരിച്ചുവരാനാകും’ – മിശ്ര പറഞ്ഞു. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ പരുക്കേറ്റ് അവസരം നഷ്ടപ്പെട്ട ഭാംബ്രിക്കും മെയ്നേനിക്കും ടീമിലേക്കു തിരിച്ചു വരവിനുള്ള അവസരമാണിത്. അടുത്തിടെ രാജ്യാന്തര മത്സരങ്ങളിൽ നേടിയ തിളക്കമുള്ള വിജയങ്ങളാണ് രാംകുമാർ രാമനാഥനും തുണയായത്.

ഡബിൾസ് റാങ്കിങ്ങിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന ബൊപ്പണ്ണയുടെ സ്ഥാനത്തിന് ഇളക്കമുണ്ടായില്ല. റിസർവ് കളിക്കാരുടെ പട്ടികയിൽ പ്രജ്നേഷ് ഗുണേശ്വരനും എൻ. ശ്രീരാം ബാലാജിയും ഉൾപ്പെട്ടിട്ടുണ്ട്. നോൺ പ്ലേയിങ് ക്യാപ്റ്റനായാണ് മഹേഷ് ഭൂപതി ടീമിനെ നയിക്കുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed