മാഞ്ചസ്റ്റർ ഭീകരാക്രമണം : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഐസിസി

ദുബായ് : ഇംഗ്ലണ്ടില്‍ അടുത്തമാസം ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനും വനിതാ ലോകകപ്പ് ക്രിക്കറ്റിനും അതിശക്തമായ സുരക്ഷ ഒരുക്കുമെന്ന് ഐസിസി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ തീരുമാനം.
ടൂര്‍ണമെന്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഉപദേശപ്രകാരമാണ് സുരക്ഷ ക്രമീകരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെയും മറ്റ് ബന്ധപ്പെട്ടവരുടേയും സഹകരണത്തോടെയാണിത്. ടൂര്‍ണമെന്റിന് ശക്തമായ സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വരും ദിവസങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിശകലനം ചെയ്യുമെന്നും ഐസിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും വനിതാ ലോകകപ്പിനും മികച്ച സുരക്ഷ ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജൂണ്‍ ഒന്നുമുതലാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന് മാഞ്ചസ്റ്റര്‍ വേദിയല്ല. ലണ്ടന്‍, ബര്‍മിങ്ഹാം, കാര്‍ഡിഫ് എന്നിവയാണ് ഇംഗ്ലണ്ടിലെ വേദികള്‍.
മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐസിസി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 22 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 59 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 2005 ല്‍ ഉണ്ടായ ബോംബാക്രമണത്തിന് ശേഷം ഇംഗ്ലണ്ട് നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മാഞ്ചസ്റ്ററിലേത്.