എല്ലാവർക്കും ഭവനം : 'ലൈഫ്' പദ്ധതിക്ക് തിരിതെളിഞ്ഞു

കോട്ടയം : സ്വന്തമായി പാർപ്പിടമില്ലാത്ത എല്ലാ മലയാളിയുടെയും സ്വപ്ന സാക്ഷാത്കാര പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന്റെ 'ലൈഫ്' തുടങ്ങി. പുനലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വീട് നിർമിച്ചു നല്‍കുക മാത്രമല്ല, അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'ലൈഫ്' എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുനലൂരില്‍ 46 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന നാല് നില ഫ്ലാറ്റിന്റെ നിര്‍മ്മാണോദ്ഘാടനത്തോടെയാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന് തുടക്കം കുറിച്ചത്. 64 കുടുംബങ്ങള്‍ക്കായി നാലു നിലകളില്‍ എട്ടു ബ്ലോക്കുകളിലായാണ് പുനലൂരിലെ ഭവനങ്ങളൊരുക്കുന്നത്. ലാഭം മാത്രം ആഗ്രഹിച്ച് വരുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന്റെ കരാര്‍ നല്‍കില്ലെന്നും, പദ്ധതി പൂര്‍ത്തീകരിക്കാന്‍ പൊതുജനങ്ങളിൽനിന്നും സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു എന്നു മാത്രമാണെന്നും, കേവലം സര്‍ക്കാര്‍ പരിപാടിയായി ഇത് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കുകയാണ് ലക്ഷ്യം.