സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകൾ നിര്‍ത്തിവെച്ചു


 

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി വിമാനക്കന്പനികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാവില്ല. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍റെ ഉത്തരവ്. തീരുമാനം മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസികളെ സാരമായി ബാധിക്കും.
ഇന്ത്യയ്ക്കു പുറമെ ബ്രസീല്‍, അര്‍ജന്‍റീന രാജ്യങ്ങള്‍ക്കും വിലക്കുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിക്കാൻ പാടില്ല. സൗദി അറേബിയയുടെ ഉത്തരവ് വന്ദേ ഭാരത് വിമാന സർവീസുകളെയും ബാധിക്കും. രാജ്യത്ത് ജോലിചെയ്യുന്ന മുപ്പത്തി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതോടെ പ്രയാസത്തിലായത്. തൊഴില്‍ നഷ്ടമായവര്‍, വിസിറ്റ് വിസാ കാലാവധി കഴിയാറായവര്‍, അവധിക്ക് നാട്ടിലേക്കു പോയവര്‍ തുടങ്ങിയവരുടെ മടക്കവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്ര വിലക്കില്ല.

You might also like

  • Straight Forward

Most Viewed