ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ളത് സൗദി അറേബ്യയിൽ

റിയാദ്: ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലെ ചോദ്യത്തിനുത്തരമായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ സൗദിയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നാണ് മുൻവർഷത്തെ കണക്കും ഇപ്പോഴത്തെ കണക്കും താരതമ്യം ചെയ്യുന്പോൾ വ്യക്തമാകുന്നത്.
ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യം സൗദി അറേബ്യയാണെങ്കിലും മൂന്നു വർഷത്തിനിടെ ഏഴു ലക്ഷത്തോളം പേരുടെ കുറവാണുണ്ടായത്. ലോകത്ത് 203 രാജ്യങ്ങളിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ സൗദി അറേബ്യയിൽ 25,94,947 പേരാണുള്ളതെന്നുമാണ് വി. മുരളീധരൻ ലോക്സഭയെ അറിയിച്ചത്.
കുവൈത്തിൽ 10,29,861, ഒമാനിൽ 7,79,351, ഖത്തറിൽ 7,56,062, നേപ്പാളിൽ 6,00,000, ബഹ്റൈനിൽ 3,23,292, സിംഗപ്പൂരിൽ 3,50,000, മലേഷ്യയിൽ 2,24,882 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്. ഇറ്റലിയിൽ 1,72,301 ഉം ജർമ്മനിയിൽ 1,08,965 ഉം കാനഡയിൽ 1,78,410 പേരും ജോലി ചെയ്യുന്നു.