വായ്പയെടുത്ത് മുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തേടി യുഎഇയിലെ ബാങ്കുകൾ ഇന്ത്യയിലേക്ക്

ദുബൈ: ക്രെഡിറ്റ് കാർഡ് വഴിയും വായ്പയെടുത്തും വൻ തുക വെട്ടിച്ചു കടന്ന ഇന്ത്യക്കാരിൽ നിന്ന് പണം ഈടാക്കാൻ യുഎഇയിലെ പ്രമുഖ ബാങ്കുകൾ ഇന്ത്യയിലെത്തുന്നു. മുങ്ങിയവർക്കെതിരെ നിയമ നടപടി ലക്ഷ്യമിട്ടാണ് പ്രതിനിധികൾ എത്തുന്നത്. അഞ്ച് വർഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തിൽ യുഎഇ ബാങ്കുകൾക്ക് നഷ്ടമായത്. പണവുമായി മുങ്ങിയവരിൽ ഏറെയും മലയാളികളാണ്. സാന്പത്തിക ഇടപാടുകളിൽ യുഎഇ സിവിൽ കോടതികളിലെ വിധികൾ ഇന്ത്യയിലെ ജില്ലാ കോടതി വിധിക്കു തുല്യമാക്കി കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം പുറത്തു വന്നതിനു പിന്നാലെയാണ് യുഎഇ ബാങ്കുകളുടെ നീക്കം.
ബാങ്കുകൾക്ക് നഷ്ടമായ തുകയിൽ 70 ശതമാനത്തിലധികവും വൻ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാർഡ്, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ. വൻ തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ ബാങ്കുകൾ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്. യുഎഇ ബാങ്കുകളുടെ നിഷ്ക്രിയ വായ്പത്തോത് 2017−ൽ 7.5 ശതമാനമായി ഉയർന്നിരുന്നു. ചില ബാങ്കുകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞതോടെ അവ പരസ്പരം ലയിച്ചു. 2017−ൽ നിഷ്ക്രിയ വായ്പകൾ 7.5 ശതമാനമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് വൻ തുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്.
യുഎഇയിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എൻബിഡി., അബുദാബി കൊമേഴ്സ്യൽ ബാങ്ക് ഉൾപ്പെടെ ഒൻപത് ബാങ്കുകളാണ് നിയമ നടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. ഇന്ത്യയിൽ നിയമ നടപടിക്കു നീങ്ങുന്നത് യുഎഇ ബാങ്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകൾ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖർ സ്ഥിരീകരിക്കുന്നു. ബാങ്കുകൾക്ക് നഷ്ടം വരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവർ തൊഴിൽരഹിതരുമാക്കി.