അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 113 സ്കൂളുകൾ അടച്ച് പൂട്ടി

റിയാദ് : സൗദിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച 113 സ്കൂളുകൾ അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യവികസനത്തിന് സമയം അനുവദിച്ചിട്ടും നടപടിയെടുക്കാതിരുന്ന സ്കൂളുകളാണ് പൂട്ടാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്. സ്കൂളിനു വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളിൽ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് നേരത്തെ മന്ത്രാലയംനിർദ്ദേശം നൽകിയിരുന്നു. അല്ലാത്ത സ്കൂളുകളുടെ ലൈസൻസ് പുതുക്കി നൽകില്ല.
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന സ്ഥലം, ക്ലാസ് മുറികളുടെ വലിപ്പം, സുരക്ഷാ സംവിധാനങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സൗകര്യങ്ങൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലെല്ലാം മന്ത്രാലയം പ്രത്യേക മാർഗ നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിരുന്നു. ഇത് പാലിക്കാൻ നൽകിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഈ നിബന്ധനകൾ പാലിക്കാത്ത സ്കൂളുകൾ അടച്ചു പൂട്ടിയത്.
യോഗ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ സ്കൂളുകൾക്ക് രണ്ട് വർഷത്തെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ സ്കൂളുകളും സർക്കാർ സ്കൂളുകളും അടച്ചു പൂട്ടിയവയിൽ പെടും. ഈ സ്കൂളുകളിൽ പഠിക്കുന്ന 19,826 വിദ്യാർത്ഥികൾക്ക് മന്ത്രാലയം മുൻകയ്യെടുത്തു മറ്റു സ്കൂളുകളിൽ പ്രവേശനം നൽകും. മലയാളി മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്കൂളുകളും അടച്ചു പൂട്ടിയിട്ടുണ്ട്.
അതേസമയം പുതിയ ഫാമിലി ലെവി കാരണം പതിനായിരക്കണക്കിനു കുടുംബങ്ങൾ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയതോടെ ഭൂരിഭാഗം ഇന്റർനാഷണൽ സ്കൂളുകളിലും കുട്ടികളുടെ എണ്ണം കുറഞ്ഞു. ഫീസ് വർദ്ധന, സ്കൂൾ അടച്ചു പൂട്ടൽ, അധ്യാപകരുടെ ജോലി നഷ്ടപ്പെടൽ തുടങ്ങിയവയാകും ഇതിന്റെ പ്രതിഫലനം.