സൌദിയിൽ ഇനി മൊബൈല്‍ കണക്ഷന് വിരലടയാളം നിർബന്ധം


ജിദ്ദ: രാജ്യത്തെ മുഴുവന്‍ മൊബൈല്‍ ഉപഭോക്താക്കളും സ്വന്തം വിരലടയാളം അതാതു മൊബൈല്‍ കമ്പനി കേന്ദ്രങ്ങളില്‍ എത്തി രേഖപ്പെടുത്തണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് നിര്‍ബന്ധമാക്കിയ വിരലടയാള പരിശോധനയാണ് ഇപ്പോൾ പഴയ മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ബാധകമാക്കിയിരിക്കുന്നത്. നിലവിലുള്ള കണക്ഷനുകള്‍ക്ക് മുഴുവന്‍ സമയബന്ധിതമായി വിരലടയാള പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

മൊബൈല്‍ സേവനദാതാക്കളായ എസ്.ടി.സി, മൊബൈലി എന്നീ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചു തുടങ്ങിയിട്ടുണ്ട്. നിശ്ചിത കാലാവധിയ്ക്കുള്ളില്‍ വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്തവരുടെ കണക്ഷനുകള്‍ വിഛേദിക്കപ്പെടും.

ഇഖാമ ദുരുപയോഗം ചെയ്ത് വന്‍തോതില്‍ വ്യാജ കണക്ഷനുകള്‍ എടുക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ മൊബൈല്‍ ഉപഭോക്താക്കളുടെ വിരലടയാളം കൂടി നിര്‍ബന്ധമാക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.

ഇതോടെ ഓരോ വ്യക്തിയുടെയും അറിവോടുകൂടി മാത്രമേ ഇനി അയാളുടെ ഇഖാമയില്‍ കണക്ഷന്‍ എടുക്കാനാകൂ. സന്ദര്‍ശന വിസയിലുള്ളവര്‍, ഗള്‍ഫ് പൗരന്‍മാര്‍, ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ എന്നിവര്‍ക്ക് വരെ ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ നിയമം നടപ്പാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികോപകരണങ്ങള്‍ ലഭ്യമാക്കാന്‍ കാലതാമാസമെടുത്തതോടെയാണ് പദ്ധതി വൈകിയത്.

You might also like

Most Viewed