സാറ അൽ അമീരി; അറബ് ലോകത്തിന്റെ പ്രതീക്ഷയെ ചൊവ്വയിലേക്ക് നയിച്ച പെൺകരുത്ത്


ഭൂമിയും കടന്ന് ചൊവ്വയിലേക്ക് കുതിക്കാനുള്ള യുഎഇയുടെ മോഹങ്ങൾക്ക് കരുത്തു നൽകിയത് സാറ അൽ അമീരി എന്ന 34കാരിയായ സ്വദേശി വനിതയാണ്. പ്രതീക്ഷയെന്ന് അർത്ഥം വരുന്ന അൽ അമൽ (ഹോപ്പ് പ്രോബ്) ചൊവ്വയിലെത്തുന്പോൾ അത് സാറയുടെ വിജയം കൂടിയാകുന്നു. മറ്റൊരു ചൊവ്വാദൗത്യവും പോലെ ആയിരുന്നില്ല യുഎഇയുടേത്. ഹോപ്പിന്റെ ശാസ്ത്രസംഘത്തെ നയിക്കുന്നത് 80% വനിതാ ശാസ്ത്രജ്ഞർ‍ ഉൾ‍പ്പെടുന്ന സംഘമാണ്. 34 ശതമാനമാണ് ഹോപ് പ്രോബ് പദ്ധതിയിലെ സ്ത്രീ പ്രാതിനിധ്യമെന്നതും സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. അതിന് നായകത്വം വഹിച്ചത് 34കാരി സാറയും.

1987ലാണ് സാറ അൽ‍ അമീരിയുടെ ജനനം. കോളേജ് അദ്ധ്യാപികയാണ് മാതാവ്. സാറ അൽ‍ അമീരിക്കും ഒരു മകനുണ്ട്. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽ‍കിയ കുടുംബത്തിൽ‍ നിന്ന് ശാസ്ത്രലോകത്തേക്കായിരുന്നു സാറ അൽ‍ അമീരിയുടെ വളർ‍ച്ച. ചെറുപ്രായത്തിൽ‍ തന്നെ ബഹിരാകാശമാണ് തന്റെ പ്രവർ‍ത്തന മേഖലയെന്ന് മനസ്സിൽ‍ കുറിച്ചിരുന്നു. മാത്രമല്ല, കമ്പ്യൂട്ടർ‍ എൻജിനീയറിങിൽ‍ അമേരിക്കൻ യൂനിവേഴ്‌സിറ്റി ഓഫ് ഷാർ‍ജയിൽ‍ നിന്നാണ് ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിന് ശേഷം കംപ്യൂട്ടർ‍ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറ പിന്നീട് എമിറേറ്റ്‌സ് ഇൻ‍സ്റ്റിറ്റിയൂഷൻ ഫോർ‍ അഡ്വാൻഡ്‌സ് സയൻസസ് ആന്റ് ടെക്‌നോളജിയിൽ‍ പ്രവർ‍ത്തിച്ചു. 2009ലാണ് സാറ അൽ‍ അമീരി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെത്തിയത്. 2016ൽ‍ സാറ എമിറേറ്റ്‌സ് സയൻസ് കൗൺസിൽ‍ മേധാവിയായി. 2017ൽ‍ അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയായി. പിന്നീട് സ്‌പേസ് ഏജൻസിയുടെ ചെയർ‍വുമണ്‍ സ്ഥാനം നൽ‍കി. 2020ൽ‍ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ ബിബിസി തയ്യാറാക്കിയ പട്ടികയിലും സാറ അൽ‍ അമീരി ഇടംപിടിച്ചിരുന്നു. 

സാറയുടെ കഴിവും അഭിനിവേശവും തിരിച്ചറിഞ്ഞാണ് യുഎഇ ഭരണകൂടം സുപ്രധാനമായ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിന്റെ ചുമതല നൽ‍കിയത്. 50 ശതമാനം വിജയ സാധ്യത മാത്രമാണെന്നു വിലയിരുത്തിയ ഭരണകൂടത്തെ തന്റെ ഇച്ഛാശക്തിയും മനക്കരുത്തും കൊണ്ടാണ് വിജയപഥത്തിലെത്തിച്ചത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ‍ പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം പൂർ‍ത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. അറബ് ലോകത്തെ ആദ്യ രാജ്യവും. അതിലുപരിയാണ്, ആദ്യ ശ്രമത്തിൽ‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമെന്ന ഖ്യാതിയും. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ‍ നിന്ന് കഴിഞ്ഞ വർ‍ഷം ജൂലൈ 21ന് പ്രാദേശിക സമയം പുലർ‍ച്ചെ 1.58നാണ് ഹോപ് പ്രോബ് അറബ് ലോകത്തിന്റെയാകെ പ്രതീക്ഷകളുമായി കുതിച്ചത്. 

You might also like

Most Viewed