കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി; അശോക് ഗെഹ്‌ലോട്ട്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയായിരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ ഇത് സംബന്ധിച്ച് ചർച്ച നടത്തി തീരുമാനത്തിലെത്തിയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ഇൻഡ്യ മുന്നണിയിലെ മറ്റു പാർട്ടികൾ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇൻഡ്യ മുന്നണിയുടെ അടുത്ത യോഗം മുംബൈയിൽ നടക്കാനിരിക്കെയാണ് ഗെഹ്‌ലോട്ടിന്റെ പ്രസ്താവന. ഇടതു പാർട്ടികൾ അടക്കം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചുവെന്നാണ് ഗെഹ്‌ലോട്ട് പറയുന്നത്. പ്രാദേശിക ഘടകങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രധാനപ്പെട്ട പങ്കുവഹിക്കാറുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം എല്ലാ പാർട്ടികൾക്കും വലിയ സമ്മർദം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഫലമായാണ് മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും കൂട്ടായ്മായി ഇൻഡ്യ സഖ്യം രൂപംകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയായി മാറരുതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. 31% വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ബാക്കി 69% അദ്ദേഹത്തിന് എതിരാണ്. 2014ൽ അധികാരത്തിലെത്തിയതിന്റെ പേരിൽ മോദി അഹങ്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.2024ൽ 50% വോട്ട് നേടി അധികാരത്തിലെത്തുമെന്ന എൻ.ഡി.എ വാദം ഗെഹ്‌ലോട്ട് തള്ളി. പ്രധാനമന്ത്രിക്ക് ഒരിക്കലും ആ നേട്ടത്തിലെത്താനാവില്ല. മോദി അദ്ദേഹത്തിന്റെ ജനപിന്തുണയുടെ പരമാവധിയിലാണ് ഇപ്പോൾ നിൽക്കുന്നത്. ഇനി അതിൽ ഇടിവാണ് സംഭവിക്കാൻ പോകുന്നത്. അദ്ദേഹത്തിന് ഒരിക്കലും 50% വോട്ട് വിഹിതം നേടാനാവില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ചന്ദ്രയാൻ പദ്ധതിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ജവഹർലാൽ നെഹ്‌റുവിനും ഇന്ദിരാ ഗാന്ധിക്കും അവകാശപ്പെട്ടതാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. വിക്രം സാരാഭായിയുടെ വാക്കുകൾ നെഹ്‌റു കേട്ടതുകൊണ്ടാണ് ഐ.എസ്.ആർ.ഒ രൂപീകരിക്കപ്പെട്ടതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.
fhcfgh