മിസ്‌വേള്‍ഡ് 2023' ഇന്ത്യയില്‍; 130 രാജ്യങ്ങളിലെ സുന്ദരിമാര്‍ മാറ്റുരയ്ക്കും


ഇത്തവണത്തെ ലോക സുന്ദരി മത്സരം ഇന്ത്യയില്‍. 130 രാജ്യങ്ങളില്‍ നിന്നുള്ള മത്‌സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 71-ാം പതിപ്പാണ് ഇത്തവണ ഇന്ത്യയില്‍ നടക്കുന്നത്. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍റെ ചെയര്‍പേഴ്സണും സിഇഒയുമായ ജൂലിയ മോര്‍ലി, മുന്‍ ലോകസുന്ദരി കരോലിന ബിലാവ്സ്‌ക തുടങ്ങിയവര്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ഈ വര്‍ഷം അവസാനം നടക്കുന്ന മത്സരത്തിന്‍റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ ഡിസംബര്‍ കാലയളവിലായിരിക്കാം ഫൈനല്‍ നടക്കുക. വിജയിക്ക് 10 കോടിയോളം രൂപ സമ്മാനമായി ലഭിക്കും.

1951 ലാണ് ലോക സുന്ദരി മത്സരത്തിന് തുടക്കമായത്. 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ലോക സുന്ദരി മത്‌സരത്തിന് വേദിയാകുന്നത്. 1996ല്‍ മിസ് വേള്‍ഡ് 46-ാം മത് പതിപ്പ് ബംഗളൂരുവില്‍ നടന്നിരുന്നു. അന്ന് അമിതാഭ് ബച്ചന്‍റെ പ്രൊഡക്ഷന്‍ ഹൗസായ എബിസിഎല്‍ ആയിരുന്നു സംഘടകര്‍. ഗ്രീക്ക് സുന്ദരി ഐറീന സ്‌ക്‌ളീവയാണ് അന്ന് കിരീടം ചൂടിയത്. ആറ് ഇന്ത്യന്‍ വനിതകളാണ് ഇതുവരെ ലോക സുന്ദരികളായിട്ടുള്ളത്. 1966 ല്‍ റീത്ത ഫാരിയ, 1994 ല്‍ ഐശ്വര്യ റായ്, 1997 ല്‍ ഡയാന ഹെയ്ഡന്‍, 2000 ല്‍ പ്രിയങ്ക ചോപ്ര, 2017 ല്‍ മാനുഷി ചില്ലര്‍ എന്നിവരാണ് മിസ് വേള്‍ഡ് പട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സുന്ദരികള്‍.

You might also like

Most Viewed