അഗ്നി –നാല് വിജയകരമായി പരീക്ഷിച്ചു

ബാലസോർ: ഇന്ത്യയുടെ ‘അഗ്നി’ വിജയപരമ്പരയിലേക്ക്. ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിലുള്ള വീലർ ദ്വീപിൽനിന്ന് പരീക്ഷിച്ച അഗ്നി– നാല് വിജയം കണ്ടു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി– നാല്. പ്രോജക്ട് ഡയറക്ടർ ടെസി തോമസിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ ആയുധശേഖരത്തിൽ ഇപ്പോഴുള്ള അഗ്നി–ഒന്ന്, അഗ്നി–രണ്ട്, അഗ്നി– മൂന്ന്, പൃഥ്വി മിസൈലുകളുടെ പരമാവധി പ്രഹരപരിധി 3000 കിലോമീറ്ററാണ്. അഗ്നി– നാലിന്റേത് 4000 കിലോമീറ്ററും. ഇത്രയും അകലെയുള്ള ശത്രുലക്ഷ്യത്തിൽ മികച്ച സൂക്ഷ്മതയോടെ നാശം വിതയ്ക്കാൻ മിസൈലിനു കഴിയും. ലക്ഷ്യം ഉറപ്പാക്കാനുള്ള ആധുനിക സാങ്കേതിക മികവുകൾ മിസൈലിനുണ്ടെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.