വരും വർഷങ്ങളിൽ ഇന്ത്യയിൽ വാഹന വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് നിതിൻ ഗഡ്കരി


വരും വർഷങ്ങളിൽ രാജ്യത്ത് വാഹന വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത−ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇതിന്റെ കാരണവും മന്ത്രി വിശദീകരിച്ചിട്ടുണ്ട്. മെറ്റീരിയൽ റീസൈക്ലിങ് സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവേയാണ് മന്ത്രി രാജ്യത്ത് വാഹന വില കുറയുമെന്ന് പ്രവചിച്ചത്.  അടുത്തിടെ കേന്ദ്രം വാഹനങ്ങളുടെ പൊളിക്കൽ നയം പ്രഖ്യാപിച്ചിരുന്നു. വരും നാളിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് റിസൈക്കിൾ ചെയ്യുക. ഇങ്ങിനെ ലഭിക്കുന്ന ലോഹങ്ങളുടെ പുനരുപയോഗം (റീസൈക്ലിംഗ്) ഇന്ത്യയിൽ‍ വാഹന ഘടകങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് മന്ത്രി പറയുന്നത്. വാഹന ഘടകങ്ങളുടെ വിലയിൽ‍ 30 ശതമാനത്തിലധികം കുറവുണ്ടാകുമെന്നും രാജ്യത്തെ വാഹന ഉൽ‍പ്പാദനച്ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഗഡ്കരി പറയുന്നു. അതിനാൽ‍ തന്നെ വാഹന നിർ‍മ്മാതാക്കൾ‍ക്ക് കുറഞ്ഞ വിലയിൽ‍ വാഹനങ്ങൾ‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.    

‘ഫിനിഷ്ഡ് പ്രൊഡക്ടിന്റെ വില കുറയ്ക്കുന്നതിന് റീസൈക്ലിങ് നമ്മൾ‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ‍ കൂടുതൽ‍ കയറ്റുമതി ചെയ്യും. അതുകൊണ്ടാണ് സർ‍ക്കാർ‍ വാഹന സ്‌ക്രാപ്പിങ് നയം പ്രചരിപ്പിക്കുന്നത്. വാഹനം പൊളിക്കുന്നത് കൂടിയാൽ‍ അത് വാഹന ഘടകങ്ങളുടെ വില കുറയ്ക്കും. അത് 30 ശതമാനം വരും’−ഗഡ്കരി പറഞ്ഞു. ചെമ്പ്, അലുമിനിയം, സ്റ്റീൽ‍ തുടങ്ങിയ പ്രധാന ലോഹങ്ങൾ‍ ഉൾ‍പ്പെടെ വാഹന വ്യവസായത്തിന് വളരെ അത്യാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ദൗർ‍ലഭ്യം രാജ്യം നേരിടുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ വാഹന വിപണിയുടെ മൂല്യം 15 ലക്ഷം കോടി രൂപയായി ഉയർ‍ത്താനാണ് കേന്ദ്ര സർ‍ക്കാർ‍ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. 2022−ൽ‍ വാഹന വിൽ‍പ്പനയുടെ കാര്യത്തിൽ‍ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറിയിരുന്നു. വിൽ‍പ്പനക്ക് പുറമെ ഇന്ത്യൻ ഓട്ടോമൊബൈൽ‍ വ്യവസായം ഉൽ‍പ്പാദന ശേഷിയുടെ കാര്യത്തിലും വളർ‍ച്ച കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. കേന്ദ്ര സർ‍ക്കാർ‍ പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പേജ് നയം അതിന് സഹായമേകുമെന്നാണ് കരുതുന്നത്.     

സ്‌ക്രാപ്പേജ് നയം രാജ്യത്തെ ലോഹങ്ങളുടെ റീസൈക്ലിംഗ് വർ‍ധിപ്പിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്ന പഴയ വാഹനങ്ങളിൽ‍ നിന്നുള്ള ലോഹങ്ങൾ‍ പുതിയ വാഹനങ്ങളിൽ‍ പുനരുപയോഗിക്കും. ലോഹത്തിന്റെ ലഭ്യത കൂടുന്നത് വാഹന ഉത്പാദനം വർ‍ധിപ്പിക്കുക മാത്രമല്ല ഉത്പാദനച്ചെലവ് കുറക്കാനും നിർ‍മാതാക്കളെ സഹായിക്കും. വ്യവസായത്തിന്റെ വളർ‍ച്ചക്കായി വിദേശ കമ്പനികളുമായി കൈകോർ‍ക്കാനും മെറ്റൽ‍ റീസൈക്ലിംഗ് വ്യവസായത്തോട് മന്ത്രി ആവശ്യപ്പെട്ടു. വലിയ വാഹന സ്‌ക്രാപ്പിംഗ് യൂനിറ്റുകൾ‍ സ്ഥാപിക്കാന്‍ ഇന്ത്യയിലെ വാഹന നിർ‍മ്മാതാക്കളോട് മന്ത്രി അഭ്യർഥിച്ചു. മഹാരാഷ്ട്രയിലെ വാർ‍ധ, സാംഗ്ലി, കോലാപൂർ‍ എന്നിവിടങ്ങളിലെ മിച്ചഭൂമികളിൽ‍ ഇവ സ്ഥാപിച്ചാൽ‍ ഇളവുകൾ‍ നൽ‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടുതൽ‍ പഴയ ടയറുകൾ‍, പ്ലാസ്റ്റിക് മാലിന്യങ്ങൾ‍, ഓട്ടോ പാർ‍ട്സുകൾ‍, ഓട്ടോമൊബൈൽ‍ യൂനിറ്റുകൾ‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഒരു വശത്ത് കൂടുതൽ‍ മൂൽയം കൂട്ടുമെന്നും മറുവശത്ത് ഓട്ടോമൊബൈൽ‍ ഘടകങ്ങളുടെ വില 30 ശതമാനം കുറക്കുമെന്നും ഗഡ്കരി പറഞ്ഞു.    

റീസൈക്ലിംഗ് വർ‍ധിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളം എല്ലാ ജില്ലകളിലും സർ‍ക്കാർ‍ സ്‌ക്രാപ്പിങ് യൂണിറ്റുകൾ‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 15 വർ‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര−സംസ്ഥാന സർ‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ‍ 2023 ഏപ്രിൽ‍ 1 മുതൽ‍ പൊളിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാൻസ്പോർ‍ട്ട് കോർ‍പ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബസുകൾ‍ ഉൾ‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പൊളിക്കാൻ പോകുന്ന വണ്ടികളുടെ ലിസ്റ്റിൽ‍ ഉണ്ട്. ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കിയാകും പൊളിച്ച് തുടങ്ങുക.

article-image

dfghdhd

You might also like

  • Lulu Exchange
  • Straight Forward

Most Viewed