ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും വടക്കൻ ഗുജറാത്തും ഇന്ന് ജനവിധി തേടും. 14 ജില്ലകളിലെ 93 നിയമസഭാമണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. 26000 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. 133 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ, ക്രൂണാൽ പാണ്ഡ്യ, ഹർദിക് പാണ്ഡ്യ അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, പട്ടേൽ സമരനേതാവ് ഹർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്.
അതേസമയം ഇന്ന് പുലർച്ചെ ബിജെപി പ്രവർത്തകർ കോണ്‍ഗ്രസ് എംഎൽഎ കാൻതി ഖരാടിയെ ആക്രമിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. ദന്‍താ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ലഥു പാർഗിയും കൂട്ടരും ആയുധങ്ങളുമായി എത്തി ആക്രമിച്ചെന്നാണ് പരാതി. വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകിട്ട് ആറോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ആദ്യഘട്ടത്തിൽ 63 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
uyuy7u