വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കള്ളക്കുറിച്ചിയിൽ വൻ സംഘർഷം; നിരവധി വാഹനങ്ങൾ കത്തിച്ചു

തമിഴ്‌നാട് കള്ളക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വൻ സംഘർഷം. പ്ലസ്‌ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വൻ സംഘർഷത്തിലേക്ക് വഴിമാറിയത്. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 30ൽ അധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ കത്തിക്കുകയും ചെയ്തു.
കള്ളക്കുറിച്ചി ശ്കതി മെട്രിക് ഇൻ്റർനാഷണൽ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിനി ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്‌ച പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്.