നാല് വയസുകാരിയെ പീഢിപ്പിച്ച പ്രതി പിടിയിൽ

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസം നാല് വയസുകാരിയെ ക്രൂരമായി പീഢിപ്പിച്ച് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ച കേസിലെ പ്രധാന പ്രതിയെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു. 25 വയസുകാരനായ ഇയാൾക്ക് പ്രത്യേകിച്ച് തൊഴിലൊന്നുമില്ല. ഇയാൾക്ക് പുറമേ കൂടുതൽ പേർ ഈ ക്രൂരതയുടെ ഭാഗമായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീട്ടുമുറ്റത്ത് നിന്ന് ഈ കുട്ടിയെ തട്ടിയെടുത്ത് പീഢിപ്പിച്ചതിന് ശേഷം മൂർച്ച കൂടിയ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചത്. വളരെ പാവപ്പെട്ട കുടുംബത്തിൽ പെട്ട കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
2012ൽ വിദ്യാർത്ഥിനിക്ക് നേരെ ബസിൽ വെച്ചുണ്ടായ അതി ക്രൂരമായ പീഢനങ്ങളെ തുടർന്ന് വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയ സ്ഥലമായ ദില്ലിയിൽ ഇപ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന അക്രമണങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്ന് വിളിച്ചു പറയുന്ന സംഭവമാണ് നാല് വയസുകാരിയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരന്തം.