രാജ്യസഭയിൽ അച്ചടക്ക ലംഘനം തൃണമൂൽ എം.പി ശന്തനു സെന്നിന് സസ്‌പെൻഷൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്സ് രാജ്യസഭാ എം.പിയെ സസ്‌പെന്റ് ചെയ്തു. തൃണമൂലിന്റെ ശന്തനു സെന്നിനെയാണ് പുറത്താക്കിയത്. ഇന്നലെ രാജ്യസഭയിൽ ഐ.ടി വകുപ്പ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ കയ്യിൽ നിന്നും പ്രസ്താവന തട്ടിയെടുത്ത് കീറി എറിഞ്ഞതിനാണ് നടപടി. മൺസൂൺ സെഷനിൽ പങ്കെടുക്കുന്നതിൽ നിന്നുമാണ് തൃണമൂൽ അംഗം ശന്തനു സെന്നിനെ വിലക്കിയത്.
രാജ്യസഭയിൽ പെഗാസിസ് വിഷയത്തിലെ പ്രതിഷേധത്തിനിടയിലാണ് ശന്തനു സെൻ സഭയുടെ ചെയർമാന് നേരെ പ്രസ്താവന ഇന്നലെ കീറിയെറിഞ്ഞത്. സംഭവത്തിൽ പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ നടപടി ആവശ്യപ്പെട്ട് ഇന്ന് പ്രമേയം അവതരിപ്പിച്ചു. തുടർന്നാണ് സഭാംഗത്തിന്റെത് ഗുരുതരമായ പെരുമാറ്റം ലംഘനമാണെന്ന് സഭാദ്ധ്യക്ഷൻ പ്രസ്താവിച്ചത്. രാജ്യസഭ അദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവാണ് അംഗത്തെ സസ്‌പെന്റ് ചെയ്തതായി സഭയെ അറിയിച്ചത്. സഭയുടെ എല്ലാ നിയമങ്ങളേയും കാറ്റിൽപറത്തിയ തൃണമൂൽ അംഗത്തിനെതിരെ നടപടി വേണമെന്ന് മന്ത്രിയും ബി.ജെ.പിയും അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.