സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്


ന്യൂഡൽഹി: ആഗസ്റ്റ് പതിനഞ്ചിന് എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് തീവ്രവാദ ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പ്. ഇതോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനും സ്വാതന്ത്ര്യദിനത്തിനും ഇടയിലുളള ദിവസങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്.

ആഗസ്റ്റ് അഞ്ചിന് ഡൽഹിയിൽ ആക്രമണം നടത്താൻ വലിയ തോതിൽ തീവ്രവാദ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദികളാണ് ഇതിനുപിന്നിലെന്നുമാണ് മുന്നറിയിപ്പ്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതിനാലാണ് തീവ്രവാദികൾ ഈ ദിവസം തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം.
ഡൽഹി പൊലീസ് കമ്മിഷണറായി പുതുതായി ചുമതലയേറ്റ ബാലാജി ശ്രീവാസ്‌തവ ഈ മാസം തുടക്കത്തിൽ തന്നെ സേനയ്‌ക്ക് വേണ്ട മുൻകരുതലുകളെപ്പറ്റി ഉദ്യോഗസ്ഥരെ വ്യക്തമായി അറിയിച്ചിരുന്നു. ഞായറാഴ്‌ച രാത്രി ഡൽഹി നഗരത്തിലാകെ രാത്രികാല പട്രോളിംഗും നടത്തിയിരുന്നു.
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോൺ പറത്തുന്നത് ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്. ഡ്രോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ കാശ്‌മീരിലടക്കം റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് ഡൽഹി പോലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹോട്ട് എയർ ബലൂണുകളും പറത്തുന്നതിന് വിലക്കുണ്ട്. ഡ്രോണുകളെ തകർക്കുന്നതിന് പൊലീസ് സേനാംഗങ്ങൾക്ക് പരിശീലനവും നൽകി വരുന്നുണ്ട്.

You might also like

Most Viewed