മഹാരാഷ്ട്രയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി

മുംബൈ: മഹാരാഷ്ട്രയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പരീക്ഷാ തിയതികൾ മാറ്റിവെച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പ്ലസ്ടു പരീക്ഷ അടുത്ത മാസവും, എസ്എസ്എൽസി പരീക്ഷ ജൂണിലും നടത്താനായിരുന്നു തീരുമാനം.
പൊതുജനാരോഗ്യം കണക്കിലെടുത്താണ് സർക്കാർ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്ക്ക്വാദ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് ഉചിതമല്ല. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഇതിന്റെ അടിസ്ഥാനത്തിലാകും പുതിയ പരീക്ഷകൾ തിയതികൾ തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റുകയോ, ഓൺലൈൻ ആയി സംഘടിപ്പിക്കുകയോ ചെയ്യണമെന്ന് നേരത്തെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോർഡ് ആവശ്യം തള്ളുകയായിരുന്നു. വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി മതിയായ സുരക്ഷാ സൗകര്യങ്ങൾ ഉറപ്പുവരുത്തിയാൽ മതിയെന്നായിരുന്നു ബോർഡിന്റെ നിലപാട്.
നിലവിൽ സംസ്ഥാനത്ത് 60,000ലധികമാണ് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം. ഭൂരിഭാഗം ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മതിയായ ചികിത്സാ സൗകര്യം പലർക്കും ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്തുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഉൾപ്പെടെയുളള നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കിയിരിക്കുകയാണ്.