ട്രാക്റ്റർ പരേഡ് സംഘർഷം: 15 കേസ്, 153 ഉദ്യോഗസ്ഥർക്ക് പരിക്കെന്ന് പൊലീസ്

ന്യൂഡൽഹി: കർഷകരുടെ ട്രാക്റ്റർ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് 15 കേസുകൾ റജിസ്റ്റർ ചെയ്തു. ചെങ്കോട്ടയിൽ വലിയ സുരക്ഷാ സന്നാഹം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസേനയുൾപ്പടെയുള്ളവരെയാണ് ചെങ്കോട്ടയുൾപ്പടെയുള്ള തന്ത്രപ്രധാനമേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. അക്രമങ്ങളിൽ ആകെ 153 പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഐടിഒ ജംഗ്ഷനിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും എൻസിആർ മേഖലകളിലും ഇന്ന് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടും. ഇന്നലെ സിംഘു, തിക്രി, ഗാസിപൂർ, മുകാർബ ചൗക്, നാൻഗ്ലോയ് എന്നിവിടങ്ങളിൽ ഉച്ചമുതൽ അർദ്ധരാത്രി വരെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇതേ മേഖലകളിൽ ഇന്നും, ആവശ്യമെന്ന് തോന്നുകയാണെങ്കിൽ മൊബൈൽ സേവനം റദ്ദാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.