രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി
ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കന്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്.
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ ഡിജിസിഐയ്ക്ക് സമർപ്പിച്ചിരുന്നു. അത് വിശദമായി വിദഗ്ധസമിതി പരിശോധിച്ചു. അതിന് ശേഷമാണ് അനുമതി നൽകിയതെന്ന് ഡിജിസിഐ വ്യക്തമാക്കി. കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്സിനുകൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്.

