കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ
ന്യൂഡൽഹി: കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡൽഹിയിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയൻ അണ്ണാ ഹസാരെ. അതേസമയം ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന കൂറ്റൻ ട്രാക്ടർ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ കേന്ദ്രസർക്കാരുമായുള്ള ചർച്ചയിലും കർഷക സംഘടനകൾ നിലപാടിൽ ഉറച്ചു നിൽക്കും. വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും. ഇംഫാലിലും ഹൈദരാബാദിലും നാളെ കൂറ്റൻ കർഷക റാലികൾ സംഘടിപ്പിക്കുമെന്ന് കിസാൻ സംഘർഷ് സമിതി വ്യക്തമാക്കി. സിംഗുവിൽ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്ടർ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ കേൾക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
പ്രക്ഷോഭ കേന്ദ്രങ്ങളിൽ കൊടുംശൈത്യം തുടരുകയാണ്. ഡൽഹിയിൽ ഇന്ന് 3.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ രണ്ട് ഡിഗ്രിക്ക് താഴെ താപനില എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. സിംഗു അടക്കം മേഖലകളിൽ കർഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
