ലോകം വളരണമെങ്കില്‍ ഇന്ത്യ വളരണം: സ്വാതന്ത്ര്യദിന സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: സേവനമാണ് പരമമായ ധർമമെന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് കോവിഡ് പോരാളികൾ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവരോട് താൻ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമനമന്ത്രി.
ഇന്ന് നിരവധി വലിയ കന്പനികൾ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിർമ്മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകണം. കഴിഞ്ഞ വർഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 18 ശതമാനത്തിന്റെ വർദ്ധനവാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.
ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റ് നോക്കുന്നത്. ലോകത്തിന് വളർച്ചയുണ്ടാകണമെങ്കിൽ ഇന്ത്യയും വളർച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം യുജനങ്ങൾ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവർ.
നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തിൽ കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുന്പിൽ കുട്ടികളെ കാണാൻ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.