ഷീനാബോറയെ രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്ന കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പോലീസ്


 

മുംബൈ: ഷീനാബോറയെ രണ്ടാനച്ഛന്‍ സഞ്ജീവ് ഖന്ന കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പോലീസ്. ഇന്ദ്രാണി മുഖര്‍ജിയുടേയും ഡ്രൈവര്‍ എസ്. റായിയുടേയും സഹായത്തോടെയാണ് സഞ്ചീവ് ഖന്ന കൊലപാതകം ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ബന്ദ്രയിലെ നാഷണല്‍ കോളജില്‍ നിന്നും ഷീനയെ തട്ടിക്കൊണ്ടു പോയ ശേഷം കാറിനുള്ളില്‍ വച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകശ്രമത്തിനിടെ കുതറി മാറാതിരിക്കാന്‍ ഡ്രൈവര്‍ റായി കാലുകള്‍ മുറുകെ പിടിച്ചു.

നേരത്തെ പോലീസിനു നല്‍കിയ മൊഴിയില്‍ ഷീന കൊല്ലപ്പെടുന്ന സമയത്ത് കാറിലുണ്ടായിരുന്നെങ്കിലും താന്‍ ഉറങ്ങുകയായിരുന്നെന്നും ഉണര്‍ന്നപ്പോളാണ് മരണവിവരം അറിയുന്നതെന്നുമായിരുന്നു ഖന്ന പറഞ്ഞിരുന്നത്. മൃതദേഹം റായ്ഗഡില്‍ ഉപേക്ഷിക്കുന്നതിനു മുമ്പ്, വഴിയില്‍ വെച്ച് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഷീനയുടെ തലമുടി ഒതുക്കിക്കെട്ടുകയും ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുകയും ചെയ്തിരുന്നു. ഷീന ഉറങ്ങുകയാണെന്ന് തോന്നിക്കുന്ന രീതിയിലാണ് മൃതദേഹത്തെ ഒരുക്കിയിരുന്നത്.

എന്നാല്‍ വഴിയില്‍ വെച്ച് പോലീസിന്റെ വാഹന പരിശോധന ഇല്ലാത്തത് ഇവര്‍ക്ക് തുണയായി. വെള്ളി നിറത്തിലുള്ള ഷെവര്‍ലെ ഒപ്ട്ര വാഹനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം ഉപേക്ഷിച്ച ശേഷം വാഹനം വില്‍ക്കുകയും ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് കാര്‍ വാങ്ങിയത്. ഈ മൂന്ന് പേരുടെയും മൊഴി പോലീസ് റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്.

അതിനിടെ ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയെ ഖാര്‍ പോലീസ് തുടര്‍ച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. കേസില്‍ പീറ്റര്‍ സാക്ഷിയാകാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു പോലീസ് വൃത്തം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed