കൊറോണ വൈറസ് വ്യാപനം: ധാരാവി പൂർണമായും അടച്ചിടാനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ധാരാവി ചേരി പൂർണമായും അടച്ചിടുന്നതിനെ കുറിച്ച് പരിഗണിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര. നിലവിൽ 13 പേർക്കാണ് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടികൾ ആലോചിക്കുന്നത്. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഏപ്രിൽ ഒന്നിന് ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ച അന്പത്തിയാറുകാരൻ മരിച്ചിരുന്നു. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15 ലക്ഷം പേരാണു ധാരാവിയിൽ പാർക്കുന്നത്. ധാരാവിയിലെ ഡോ. ബലിഗനഗർ, വൈഭവ് അപ്പാർട്ട്മെന്റ്, മുകുന്ദ് നഗർ, മദീന നഗർ എന്നിവിടങ്ങൾ കൊവിഡ് ബാധയ്ക്കു സാധ്യതയുള്ള പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് മുംബൈയിലാണ്.