ജോലി നഷ്ടപ്പെട്ടു; കുട്ടികളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ജോലി നഷ്ടമായതില്‍ മനംനൊന്തു പിതാവ് മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശി മാധുറാണു രണ്ടു മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മക്കളായ സമീക്ഷ (14), ശ്രേയാന്‍ (6) എന്നിവരെയാണു മാധുര്‍ കൊലപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഷാലിമാര്‍ബാഗിലെ സാന്‍ഡ്‌പേപ്പര്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂര്‍ മലാനി. കമ്പനി പൂട്ടിയതിനെ തുടര്‍ന്ന് ആറു മാസം മുമ്പ് മാധുറിന്റെ ജോലി നഷ്ടമായി. പിന്നീടു മാതാപിതാക്കളില്‍ നിന്നുള്ള സഹായത്തിലാണു മാധുറിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ഞായറാഴ്ച മാധുറിന്റെ ഭാര്യ രൂപാലി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്ത് ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ ഭാര്യ മുറിയില്‍ കുട്ടികള്‍ മരിച്ചുകിടക്കുന്നതു കണ്ടു പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മാധുറിന്റെ മൃതദേഹം ഹൈദര്‍പുര്‍ ബദ്ലി മെട്രോ സ്റ്റേഷനില്‍നിന്നു കണ്ടെത്തി. തലയണവച്ചു ശ്വാസംമുട്ടിച്ചാണു മാധുര്‍ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.